ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ മുന്‍ തലമുറ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് മോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു.
വികസനത്തിന്റെ സന്ദേശവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനത്തിന് വേഗം കൂട്ടുന്നതിനായി ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കംകുറിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കുന്നതിനായി എല്ലാ കേന്ദ്ര നിയമങ്ങളും ഇവിടെ പ്രയോഗത്തില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
കന്യാകുമാരിയെയും ജമ്മു കശ്മീരിനെയും ബന്ധിപ്പിക്കുന്ന ഒറ്റ പാത നിലവില്‍വരുന്ന കാലം അതി വിദൂരമല്ലെന്ന് മോദി പറഞ്ഞു. അകലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ഏക ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന്റെ പ്രധാന ഊന്നലെന്ന് ആദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ വികസനത്തിന് പുതിയ ഉത്തേജനം നല്‍കുന്നതിനായി അതിവേഗത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ സബ്കാ സാത്, സബ്കാ വികാസിന് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി.
മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ 3,100 കോടി ചെലവില്‍ നിര്‍മിക്കുന്ന ബനിഹാള്‍-ഖാസിഗുണ്ട് തുരങ്ക പാത അടക്കമുള്ളവ ഉള്‍പ്പെടുന്നു. സാംബയിലെ പള്ള ഗ്രാമത്തില്‍ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തി. ഡെല്‍ഹി- അമൃത്സര്‍-കത്ര എക്‌സ്പ്രസ് വേയ്ക്കും മോദി തറക്കല്ലിട്ടു.
ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ മോദി പഞ്ചായത്ത് പ്രതിനിധികളുമായി സംവദിച്ചു. തങ്ങളുടെ ഭരണ കാലത്ത് ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ മൂലം തലമുറകളിലൂടെ സ്മരിക്കപ്പെടണമെന്ന് മോദി അവരോട് പറഞ്ഞു. ജമ്മു കശ്മീരില്‍ ഭരണഘടനാ ആനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
Leave a Comment