തിരുവനന്തപുരം:കൊറോണ വൈറസിനെ പിടിച്ചുകെട്ടിയെന്നു സർക്കാർ അഭിമാനം കൊണ്ട കോവിഡിന്റെ ആദ്യ തരംഗത്തിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചതെന്നു കണക്കുകൾ. ആദ്യ തരംഗം കടന്നുപോയ 2021 മാർച്ച് 31 വരെ 27,202 പേരാണ് മരിച്ചത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ പടർന്ന രണ്ടാം തരംഗത്തിൽ മരിച്ചത് 20,592 പേർ. മൂന്നാം തരംഗം 2022 ജനുവരി മുതൽ മാർച്ച് 12 വരെ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇൗ തരംഗത്തിൽ 18,999 പേരാണ് മരിച്ചത്.
കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക ദേശീയ, രാജ്യാന്തര തലങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ ആദ്യ തരംഗ കാലത്തു മരണക്കണക്കു മറച്ചുവച്ചുവെന്ന പ്രതിപക്ഷ വിമർശനത്തെ സർക്കാർ തള്ളിയിരുന്നു.
ഒന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്; 4194 പേർ. എറണാകുളത്ത് 2645 പേരും മലപ്പുറത്ത് 2430 പേരും മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കുറവ്; 411 പേർ. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് എറണാകുളം ജില്ലയിലാണ്; 2915 പേർ. കൊല്ലത്ത് 2338 പേരും തൃശൂരിൽ 2199 പേരും മരിച്ചു. ഏറ്റവും കുറവ് വയനാട് ജില്ലയിൽ; 246. മൂന്നാം തരംഗത്തിൽ ഏറ്റവും കുടുതൽ മരണം മലപ്പുറം ജില്ലയിലാണ്; 2256. എറണാകുളത്ത് 2157 പേരും തിരുവനന്തപുരത്ത് 1928 പേരും മരിച്ചു. ഏറ്റവും കുറവ് കാസർകോട് ജില്ലയിൽ; 396.
മൂന്നു തരംഗത്തിലുമായി കഴിഞ്ഞ മാസം വരെയുളള കണക്കു പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 8202. എറണാകുളം (7717 ), തൃശൂർ ( 7190) കൊല്ലം (6273), കോഴിക്കോട് (6102), മലപ്പുറം (5926), പാലക്കാട് (5605), ആലപ്പുഴ (5135), കോട്ടയം (4225), പത്തനംതിട്ട (2418), കണ്ണൂർ (4320), കാസർകോട് (1318), വയനാട് (938), ഇടുക്കി (1424). ഇന്നലത്തെ കണക്കു പ്രകാരം ആകെ കോവിഡ് മരണം 68,074. ഇതിൽ 56 % പുരുഷൻമാരാണ് എന്നും ആരോഗ്യവകുപ്പു വ്യക്തമാക്കി.
Leave a Comment