ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ വിഗ്രഹങ്ങള്‍ പലതും വീണുടയും- പാർവതി തിരുവോത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിരവധി സമിതികളുണ്ടാക്കുന്നുവെന്നും ഇതുമൂലം റിപ്പോര്‍ട്ട് നീണ്ടുപോകുന്നുവെന്നും പാര്‍വതി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പായാല്‍ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അപ്പോള്‍ സര്‍ക്കാര്‍ സ്ത്രീസൗഹൃദമായി മാറുന്നത് കാണാമെന്നും പാര്‍വതി പറഞ്ഞു. ചലച്ചിത്ര മേഖയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മിറ്റികള്‍ക്ക് ശേഷം വീണ്ടും കമ്മിറ്റി. മൂന്നു വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനുശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെച്ചു. അതു കഴിഞ്ഞ് അഞ്ചു വര്‍ഷത്തിന് ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍വേണ്ടി വേറൊരു കമ്മിറ്റി വേണമെന്ന് പറയും. നമുക്ക് തിരഞ്ഞെടുപ്പ് എത്തുന്നതു വരെ കാത്തിരിക്കാം. ആ സമയത്ത് റിപ്പോര്‍ട്ട് പുറത്തുവരും. പെട്ടെന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരായി മാറും’, പാര്‍വതി വിമർശിച്ചു.

‘ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. ആദ്യകാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ ‘അതു കുഴപ്പമില്ല, അവര് അങ്ങനെയായിപ്പോയി, വിട്ടേക്ക് എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാന്‍ അതനുസരിച്ചു. പിന്നീട് സഹപ്രവര്‍ത്തകരായ പലരും ഇത്തരം അനുഭവങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലായി’, പാര്‍വതി ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിറ്റ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 30-നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

pathram:
Leave a Comment