അറസ്റ്റിന് ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചു; ഒടുവിൽ നിരാശയോടെ മടക്കം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പേ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ 10.30-ഓടെയാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞതെങ്കിലും പത്ത് മണിയോടെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന് സമീപമെത്തി. ജാമ്യഹര്‍ജി തള്ളിയാല്‍ ദിലീപിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുത്താണ്‌ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം ഇതേസമയം നിലയുറപ്പിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം. അതിനാല്‍തന്നെ ജാമ്യഹര്‍ജി തള്ളിയാല്‍ ഒട്ടും സമയം പാഴാക്കാതെ അടുത്ത നടപടികളിലേക്ക് കടക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാല്‍ 10.30-ഓടെ നിര്‍ണായകമായ വിധി പുറത്തുവന്നു. ദിലീപിനും മറ്റും പ്രതികള്‍ക്കും കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചെന്നായിരുന്നു ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്. ഇതോടെ ദിലീപിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘവും മടങ്ങി.

ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിനും മറ്റുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റിന് വേണ്ടി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണെങ്കില്‍ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

pathram:
Leave a Comment