എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന് അവസാന സന്ദേശം; പിന്നാലെ അടിയന്തര സന്ദേശമില്ലാതെ അപകടം

ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ ജീവനെടുത്ത അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. ഏഴ്-എട്ട് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശമാണ് എയര്‍ബേസിലേക്ക് അവസാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായതായും പിന്നീട് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്നും പറയുന്ന, സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

തകര്‍ന്നുവീഴുന്നതിന് മുമ്പ് അടിയന്തര സന്ദേശങ്ങളൊന്നും ഹെലികോപ്റ്ററില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച കാലത്ത് 11.48ന് സൂലൂരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായി. അപകടകാരണം കണ്ടെത്താന്‍ കാലാവസ്ഥ, മാനുഷിക പിഴവ് ഉള്‍പ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സൈന്യവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കൂനൂരിനടുത്ത് കാട്ടേരിയിലെ എസ്റ്റേറ്റില്‍ തകര്‍ന്നുവീണ ഉടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തില്‍ സംയുക്ത സേനാസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഹെലികോപ്റ്ററിന്റെ ബ്‌ളാക് ബോക്‌സ് കണ്ടെത്തിയിരുന്നു. രാജ്യത്തെ നടുക്കിയ വ്യോമദുരന്തത്തിന്റെ അന്വേഷണത്തില്‍ ബ്‌ളാക് ബോക്‌സിലെ വിവരങ്ങള്‍ നിര്‍ണായകമായിരിക്കും. വ്യോമസേനാ ട്രെയിനിങ് കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അപകടസ്ഥലത്തെ തിരച്ചില്‍ ഒരു കിലോമീറ്റര്‍ പരിധിയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ബ്‌ളാക് ബോക്‌സ് (ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡര്‍) ഉള്‍പ്പടെ രണ്ടു പെട്ടികള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇവ ഡല്‍ഹിയിലോ ബെംഗളൂരുവിലോ എത്തിച്ച് വിശദമായി പരിശോധിക്കും.

സൈനിക സംഘത്തിന് പുറമേ തമിഴ്‌നാട് പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകളുടെ സഹായത്തോടെ മേഖലയിലുടനീളം വിശദമായ പരിശോധനയും നടത്തി.

pathram:
Related Post
Leave a Comment