കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേളയില്‍ ഇളവുതേടി കിറ്റക്‌സ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേളകളില്‍ ഇളവു തേടി കിറ്റക്‌സ് സുപ്രീം കോടതിയെ സമീപിച്ചു. വാക്‌സിനേഷനില്‍ വിദേശത്തേക്ക് പോകുന്നവരെയും നാട്ടില്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരമാണെന്നും കിറ്റെക്‌സ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. പണമടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കുന്ന വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കിറ്റക്‌സ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പണം അടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന തരത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് എതിരെയാണ് കിറ്റെക്‌സ് സുപ്രീം കോടതിയെ സമീപിച്ചത്. വിദേശത്തേക്ക് പോകുന്നവര്‍ക്ക് മാത്രം വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ഇടവേളകളില്‍ ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനം ആണെന്ന് ഹര്‍ജിയില്‍ കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ചക്ക് ഇടയിലും എട്ട് ആഴ്ചക്ക് ഇടയിലും രണ്ടാമത്തെ ഡോസ് സ്വീകരിക്കുമ്പോഴാണ് വാക്‌സിന്‍ ഏറ്റവും ഫലപ്രദം എന്ന് ഐസിഎംആര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാനുള്ള അവകാശം പോലെ തന്നെ എപ്പോള്‍ സ്വീകരിക്കണം എന്ന അവകാശവും വ്യക്തിക്ക് ഉണ്ടെന്ന കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. അതിനാല്‍ ആദ്യ ഡോസ് സ്വീകരിച്ച് നാല് ആഴ്ച്ചയ്ക്ക് ശേഷം പണമടച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്ന് ഹര്‍ജിയില്‍ കിറ്റക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് കിറ്റക്‌സിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

pathram:
Leave a Comment