റോഡുകള്‍ തകർന്നാല്‍ ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും പ്രദർശിപ്പിക്കും

തിരുവനന്തപുരം: പരിപാലന കാലാവധിയുള്ള റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും ഉൾപ്പെടെ ശനിയാഴ്ചമുതൽ പ്രദർശിപ്പിച്ചുതുടങ്ങും. റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം.

റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്പതിന് മാസ്‌കറ്റ് ഹോട്ടലിൽ ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേർന്ന് നിർവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനിൽക്കുന്നത്. പ്രവൃത്തികൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടൻ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു.

തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എൻജിനിയർമാർ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എൻജിനിയർമാരെ അറിയിക്കുന്ന സംവിധാനം ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ നേരിട്ട് പരാതി നൽകരുതെന്ന ഉത്തരവ്‌ വന്നത് അന്വേഷിക്കും

ഉദ്യോഗസ്ഥർ മന്ത്രിക്ക് നേരിട്ട് പരാതി നൽകരുതെന്നതരത്തിൽ പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനിയറിൽനിന്ന് ഉത്തരവുവന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2017-ലെ ഉത്തരവ് നിലനിൽക്കെ ഇങ്ങനെയൊരു ഉത്തരവിന്റെ ആവശ്യമില്ല. പുതിയ ഉത്തരവ് റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment