കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. ഇരുപത് വർഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.

ശിക്ഷാവിധിക്കെതിരേ റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകുകയായിരുന്നു. ഈ ഹർജിയിൽ ജസ്റ്റിസ് നാരായണ പിഷാരടി ഉൾപ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് റോബിൻ വടക്കുംചേരിക്കെതിരെ ചുമത്തിയിരുന്നത്. പോക്സോ കേസ് ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ വിചാരണക്കോടതി ശരിവെച്ചത്. ഇതിനെതിരെയാണ് ഫാദർ റോബിൻ അപ്പീൽ നൽകിയത്.

പോക്സോ കേസും ബലാത്സംഗവും ശരിവെച്ച കോടതി സ്ഥാപനത്തിന്റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് നീക്കംചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് ലഭിച്ചത്.

pathram desk 1:
Leave a Comment