യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി; യുവാവ് പിടിയില്‍

സുഹൃത്തിന്റെ ഭർത്താവ് ജീവനൊടുക്കിയ കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ കെ.വിഷ്ണുവിനെ ആണ് രണ്ട് വർഷത്തിനു ശേഷം വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കേസ് എടുത്തു.

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ വിളപ്പിൽശാല സ്വദേശിനിയുമായാണ് പ്രതി അടുപ്പത്തിലായിരുന്നത്. ഈ കാര്യം യുവതിയുടെ ഭർത്താവ് അറിയുകയും വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ യുവതിയും കാമുകനും തമ്മിലുള്ള വിഡിയോ പ്രചരിച്ചു.വിഡിയോ കണ്ട യുവതിയുടെ ഭർത്താവ് തൂങ്ങി മരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് ഉത്തരവാദി ഭാര്യയും അവരുടെ കാമുകനും രണ്ട് സുഹൃത്തുക്കളും ആണെന്ന് മരിക്കുംമുന്‍പ് കിടപ്പുമുറിയിലെ ഭിത്തിയിൽ എഴുതിയിരുന്നു. 2019ൽ നടന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരനാണ് പരാതി നൽകിയത്.

ഭർത്താവിന്റെ മരണശേഷം യുവതി വിഷ്ണുവിനൊപ്പം ആണ് കഴിഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവര്‍. യുവതിയെയും ഉടൻ അറസ്റ്റ് ചെയ്തേക്കും.

pathram desk 2:
Related Post
Leave a Comment