ഉരുണ്ട് കളിക്കേണ്ട; മുൻ ഡിജിപിയേയും എഡിജിപിയേയും നിർത്തിപ്പൊരിച്ച് ഹൈക്കോടതി

മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി.

മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും മുൻ ഡിജിപിയോട് പറഞ്ഞു.

മോൻസൺ മാവുങ്കലിന്റെ വീട് സന്ദർശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജൻസിന് കത്ത് നൽകി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ചു നോക്കാൻ ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി മുൻ ഡിജിപിയോട് പറഞ്ഞു.

ഡിജിപിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നു കോടതി നിരീക്ഷിച്ചു. മോൻസനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയും ഡിജിപിയും കത്ത് നൽകിയെന്നായിരുന്നു സർക്കാർ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

എന്നാൽ ഇന്ന് നൽകിയ രേഖകളിൽ ഡിജിപിയുടെ കത്തില്ല. പകരം നോട്ട്ഫയൽ ആണ് എഡിജിപി നൽകിയതെന്ന് പറയുന്നു. ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ട്ഫയൽ എന്നും രേഖകളിൽ പറയുന്നു. ഇതോടെയാണ് രേഖകൾ തമ്മിലുള്ള പൊരുത്തക്കേട് കോടതി ചോദ്യം ചെയ്തത്. രഹസ്യവിവരത്തിന്റെ ആധികാരികത അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതിനിടെ പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. മോൻസന്റെ അതിഥി മന്ദിരത്തിലെത്തിച്ചും തെളിവെടുക്കും.

pathram desk 2:
Related Post
Leave a Comment