ഐ.എം.ഡി.ബി റേറ്റിങ്ങിൽ ജയ്ഭീം ഒന്നാമത്

ഐ.എം.ഡി.ബി റേറ്റിങ്ങിൽ ജയ്ഭീം ഒന്നാമത്. ഹോളിവുഡ് ചിത്രം ഷോഷാങ്ക് റിഡംപ്ഷനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ജയ് ഭീം ഒന്നാമതെത്തിയത്. അമ്പതിനായിരത്തിലേറെ വോട്ടുകളോടെയാണ് ജയ് ഭീം ഒന്നാമതെത്തിയത്. 9.6 ആണ് ജയ് ഭീമിന്റെ റേറ്റിങ്. ഷോഷാങ്ക് റിഡംപ്ഷന്റേത് 9.3 ഉം.

ചലച്ചിത്രങ്ങൾ, അഭിനേതാക്കൾ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ​ഗെയിമുകൾ, ദൃശ്യവിനോദ മാധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്.

നവംബർ 2 ന് ആമസോൺ പ്രൈമിലൂടെയാണ് ജയ് ഭീം റിലീസ് ചെയ്തത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. 1995 ൽ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ ആദിവാസി യുവാവ് രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയിൽ സൂര്യ, ലിജി മോൾ ജോസ്, കെ. മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. 2ഡി എന്റർടൈന്മെന്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നതും തുടർന്ന് ജയിയിൽ പോകുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടിം റോബിൻസ്, മോർഗൻ ഫ്രീമാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment