സുപ്രീം കോടതിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങള്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പെഗാസസ്‌ ഫോണ്‍ ചോര്‍ത്തല്‍ കേസന്വേഷണം സുപ്രീം കോടതി ഏറ്റെടുത്തതിനു പിന്നാലെ ഇതാ മറ്റൊരു കേസ്‌ കൂടി കോടതിക്ക്‌ നേരിട്ടന്വേഷിക്കേണ്ടി വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ നാലു കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന ലഖിംപൂര്‍ കേസിന്റെ അന്വേഷണമാണ്‌ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലേക്ക്‌ മാറ്റുന്നത്‌.

കേസന്വേഷണം പൊലീസോ സിബിഐയോ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്ന ജോലിയാണെന്നാണ്‌ ഇതുവരെ കരുതിയിരുന്നത്‌. ഇത്തരം ഏജന്‍സികള്‍ നല്‍കുന്ന തെളിവുകളും സാക്ഷികളും സ്ഥിതിവിവരക്കണക്കുകളും എല്ലാം കൂട്ടിക്കിഴിച്ച്‌ ന്യായം ഏതു പക്ഷത്തോ അവര്‍ക്ക്‌ നീതി നടപ്പാക്കുകയും തെറ്റ്‌ ആര്‌ ചെയ്‌തോ അവര്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഇടമായാണ്‌ കോടതികളേയും കണ്ടിരുന്നത്‌. ആ സമ്പ്രദായത്തിനാണ്‌ അടുത്തിടെ കണ്ട രണ്ട്‌ അതിനിര്‍ണായക ഉത്തരവുകളിലൂടെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ മാറ്റം വരുത്തിയത്‌.


എന്‍.വി. രമണ

എന്തിനായിരിക്കും സുപ്രീംകോടതി നേരിട്ട്‌ കേസന്വേഷണത്തില്‍ ഇടപെടുന്നത്‌?
ഈ രണ്ടു കേസുകളിലും, കേസന്വേഷിക്കുന്നവര്‍ തന്നെയാണ്‌ പ്രതിപ്പട്ടികയിലുമുള്ളത്‌. തികച്ചും നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയ പെഗാസസ്‌ കേസില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്‌ പ്രതിക്കൂട്ടില്‍. അവര്‍ തന്നെയാണ്‌ കേസന്വേഷിക്കുന്നതും! നിങ്ങള്‍ പെഗാസസ്‌ ഉപയോഗിച്ചോ എന്നു നേരിട്ട്‌ സുപ്രീം കോടതി ചോദിച്ചിട്ടുപോലും ഉത്തരം നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ല.

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പരിഗണിക്കുന്ന കേസില്‍, അദ്ദേഹം നേരിട്ട്‌ ചോദിച്ചിട്ടുപോലും അതിനു പുല്ലുവില കല്‍പ്പിച്ചവര്‍ ഈ കേസന്വേഷിച്ചാല്‍ അതിന്റെ അന്തിമ റിപ്പോര്‍ട്ട്‌ എന്തായിരിക്കുമെന്ന്‌ കോടതിക്ക്‌ നന്നായി മനസിലായി. അതിനൊടുവിലാണ്‌ കേസന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കാന്‍ ചീഫ്‌ ജസ്റ്റിസിന്‌ തീരുമാനിക്കേണ്ടിവന്നത്‌.
കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന ലഖിംപൂര്‍ കേസ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ കൊടുക്കേണ്ടത്‌ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്‍ പട്ടാപ്പകല്‍ ഇത്തരമൊരു കൂട്ടക്കൊലപാതകം നടത്തിയെന്നാരോപിക്കുന കേസില്‍ ആദ്യം ചെറുവിരല്‍ അനക്കാന്‍പോലും ആദിത്യനാഥ്‌ ഭരിക്കുന്ന യു.പി സര്‍ക്കാര്‍ തയാറായില്ല.

സുപ്രീം കോടതി നേരിട്ട്‌ ഇടപെട്ട്‌ സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചപ്പോഴാണ്‌ മുഖ്യപ്രതിയായ മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാനും പിന്നീട്‌ അറസ്റ്റ്‌ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയാറായത്‌. എങ്കിലും പ്രതികളെ രക്ഷിക്കുന്ന രീതിയിലാണ്‌ പൊലീസ്‌ അന്വേഷണം നീങ്ങുന്നതെന്നു കണ്ട കോടതി കേസന്വേഷണം വിപുലപ്പെടുത്താനും കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്താനും യു.പി പൊലീസിനോട്‌ നിര്‍ദേശിച്ചു. ഏതാണ്ട്‌ ഒരു മാസത്തെ സമയം നല്‍കിയിട്ടും പൊലീസിന്‌ നാലു കര്‍ഷകരുടെ കൊലപാതകം ഒരു കുറ്റകൃത്യമായേ തോന്നുന്നില്ലെന്നു കണ്ടതോടെയാണ്‌ കേസ്‌ ഇനി നിങ്ങളന്വേഷിക്കേണ്ട ഞങ്ങള്‍ അന്വേഷിക്കാമെന്ന്‌ സുപ്രീം കോടതിക്ക്‌ പറയേണ്ടിവന്നത്‌.
കേന്ദ്രവും ഉത്തര്‍ പ്രദേശും ഭരിക്കുന്നത്‌ ബിജെപിയാണ്‌. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്‌ ബിജെപി ഇട്ട ‘വില’ യുടെ രണ്ട്‌ ഉദാഹരണങ്ങള്‍ മാത്രമാണ്‌ പെഗാസസും ലഖിംപൂര്‍ കേസും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായെ സംശയമുനയില്‍ നിര്‍ത്തിയ നിരവധി ക്രിമിനല്‍ കേസുകളുണ്ടായിട്ടുണ്ട്‌. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ജസ്‌റ്റിസ്‌ ലോയ വധക്കേസ്‌. ലോയ വധക്കേസും പ്രതിരോധ മേഖലയില്‍ കോടികളുടെ അഴിമതി നടന്നുവെന്നാരോപിക്കപ്പെടുന്ന റഫാല്‍ യുദ്ധവിമാന ഇടപാടും ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി രമണയ്‌ക്ക്‌ മുന്‍പുള്ള കാലഘട്ടത്തിലാണ്‌ സുപ്രീം കോടതിയില്‍ എത്തുന്നത്‌. രമണയെപ്പോലുള്ള ന്യായാധിപന്‍മാര്‍ അന്നവിടില്ലാതിരുന്നത്‌ നന്നായി. അല്ലെങ്കില്‍ ആ കേസുകളും സുപ്രീം കോടതിക്ക്‌ അന്വേഷിക്കേണ്ടി വന്നേനെ.

pathram desk 2:
Leave a Comment