ചെന്നൈ: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന്. ഉപാധികളോടെയാണ് മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി. മുറിക്കുന്ന മരങ്ങള്‍ പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകരുത് എന്നത് ഉള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്.
നവംബര്‍ ആറിനാണ്, ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള നാല്‍പ്പത് സെന്റ് സ്ഥലം തമിഴ്‌നാട് പാട്ടത്തിന് എടുത്തിരിക്കുന്ന സ്ഥലമാണെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഈ സ്ഥലത്തെ 23 മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അനുമതിയാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ 23 മരങ്ങള്‍ക്കു പകരം 15 മരങ്ങള്‍ മുറിച്ചു മാറ്റാനാണ് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ അത് പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി വിട്ട് പുറത്തേക്ക് കൊണ്ടുപോകരുതെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. ഏതൊക്കെ മരങ്ങളാണ് മുറിച്ചു മാറ്റേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. മൂന്നു മീറ്റര്‍ മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരമുള്ള 15 മരങ്ങളുടെ പേരുകള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ഉത്തരവാണ് ആറാം തിയതി പുറത്തിറങ്ങിയത്.
രണ്ട് ഉദ്യോഗസ്ഥരുടെ ഒപ്പാണ് ഉത്തരവിലുള്ളത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. സുനില്‍ബാബു ഐ.എഫ്.എസ്., ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായ ബെന്നിച്ചന്‍ തോമസ് ഐ.എഫ്.എസ്. എന്നിവരുടെ ഒപ്പാണ് ഉത്തരവിലുള്ളത്.
ഉത്തരവ് പുറത്തിറങ്ങിയ അതേദിവസം തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കത്തയച്ചത്. ഇത് പിന്നീട് വാര്‍ത്തയാവുകയായിരുന്നു.
Leave a Comment