ചോദിച്ചിട്ട് ഒരു വെള്ളക്കടലാസ് കിട്ടിയില്ല; ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

മണ്ണാർക്കാട് : കിടപ്പുരോഗിക്കു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫിസിൽനിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയച്ചു. തുടർന്ന് ഒരു ബണ്ടിൽ പേപ്പറും 20 പേനകളും എത്തിച്ചു നൽകി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം കിടപ്പുരോഗിയുടെ മെഡിക്കൽ ബോർഡിനുള്ള സർട്ടിഫിക്കറ്റുകൾക്കായാണ് ആശുപത്രിയിൽ എത്തിയത്.

ഓഫിസ് മുകളിലത്തെ നിലയിലായാതിനാൽ രേഖകളുമായി ഡ്രൈവറെ ഓഫിസിലേക്കു പറഞ്ഞുവിട്ടു. അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഒരു എ ഫോർ ഷീറ്റ് ചോദിച്ചു. അത് നിങ്ങൾ പുറത്തുപോയി വാങ്ങണമെന്നായിരുന്നു ഓഫിസിലുണ്ടായിരുന്നവരുടെ മറുപടി. ഇതിൽ പ്രതിഷേധിച്ചാണ് പേപ്പറും പേനയും എത്തിച്ചത്. സാധാരണക്കാരോടും ഭിന്നശേഷിക്കാരോടുമൊക്കെ സർക്കാർ സംവിധാനങ്ങൾ എത്ര മോശമായാണു പെരുമാറുന്നതെന്നതിന് തെളിവാണ് തനിക്കുണ്ടായ അനുഭവമെന്ന് സലീം പറഞ്ഞു. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാനാണു തന്റെ വേറിട്ട പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Leave a Comment