ഫസല്‍ വധം: ആര്‍എസ്എസ് പങ്ക് തള്ളി സിബിഐ, പിന്നില്‍ കൊടി സുനിയെന്ന് കുറ്റപത്രം

കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.

ഫസൽ വധക്കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.

മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷ് മൊഴി നൽകിയത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയിൽ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

pathram desk 1:
Leave a Comment