ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് സമ്പൂർണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് നടപടി. ഇക്കാലയളവിൽ മത്സരങ്ങളിൽ പങ്കെടുക്കാനോ, വിദേശത്തു പോലും പരിശീലക ജോലി ചെയ്യാനോ താരത്തിനു കഴിയില്ല.
മാർച്ച് 10നു ഹരിയാനയിൽ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സിലക്‌ഷൻ ട്രയൽസിൽ പരാജയപ്പെട്ട ബജ്‌രംഗ് ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകാതെ വേദി വിട്ടുപോവുകയായിരുന്നു. എന്നാൽ പിന്നീട് സാംപിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നു കാട്ടി നാഡ ബജ്‌രംഗ് പുനിയയെ ഏപ്രിൽ 23നു സസ്പെൻഡ് ചെയ്തു. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയെന്ന കാരണത്താലായിരുന്നു പൂനിയയുടെ നിസഹകരണം. മാത്രമല്ല, പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ നാഡയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഉത്തേജക പരിശോധനയ്ക്കു തയാറായില്ല എന്ന കാരണത്താൽ ബജ്‌രംഗ് പുനിയയ്ക്ക് ലോക ഗുസ്തി സംഘടനയും (യുണൈറ്റഡ് വേൾഡ് റസ്‌ലിങ് –യുഡബ്ല്യുഡബ്ല്യു) സസ്പെൻഷൻ ഏർപ്പെടുത്തി. നാഡയുടെ വിലക്കിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യാന്തര ഗുസ്തി സംഘടനയുടെയും നടപടി.
ഇതിനിടെ, നോട്ടിസ് നൽകിയിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മേയ് 31ന് അച്ചടക്ക സമിതി ഇതു റദ്ദാക്കിയിരുന്നു. തുടർന്ന് ജൂണിൽ ചട്ടം അനുസരിച്ച് നോട്ടിസ് നൽകിക്കൊണ്ട് വീണ്ടും ബജ്‌രംഗിനെ സസ്പെൻഡ് ചെയ്യുന്നതായി നാഡ പ്രഖ്യാപിച്ചു. ഉത്തേജക വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 2.3 അനുസരിച്ച് സസ്പെൻഡ് ചെയ്യുന്നുവെന്നായിരുന്നു ബജ്‌രംഗിനു നൽകിയ നോട്ടിസിൽ. ഇതിന്റെ തുടർച്ചയായാണ് നാലു വർഷത്തെ സമ്പൂർണ വിലക്ക്. ഏപ്രിൽ 23 മുതൽ നാലു വർഷത്തേക്കാണ് വിലക്കെന്ന് നാഡ അറിയിച്ചു. ഗുസ്തി താരങ്ങൾക്കു നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളിൽ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തിതാരമായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു.
‘ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകില്ലെന്നു ഞാൻ നാഡ അധികൃതരോടു പറഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞ പരിശോധനാ കിറ്റ് ഉപയോഗിച്ചതിനെ ഞാൻ ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നു ഞാൻ അവരോട് അഭ്യർഥിച്ചു. വിശദീകരണം നൽകിയതിനു ശേഷം പരിശോധന നടത്താമെന്നും പറഞ്ഞു’ – ആദ്യം വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ ബജ്‌രംഗ് പുനിയ എക്സിൽ കുറിച്ചു. സാംപിളെടുക്കാൻ കാലാവധി കഴിഞ്ഞ കിറ്റുകളുമായി മുൻപൊരിക്കൽ ഒരു ഒഫിഷ്യൽ വന്നതിന്റെ വിഡിയോയും ബജ്‌രംഗ് എക്സിൽ പങ്കുവച്ചിരുന്നു.
മാത്രമല്ല റസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് കാലപ്പഴക്കം ചെന്ന കിറ്റ് ഉപയോഗിച്ചു പരിശോധന നടത്താൻ നിർദേശിച്ചിരുന്ന കാര്യവും ബജ്‌രംഗ് സൂചിപ്പിച്ചു. ‘ബ്രിജ്ഭൂഷൺ തനിക്കെതിരെ വന്ന വനിതാ താരങ്ങളെ ഭീഷണിപ്പെടുത്താൻ ഇതേ തന്ത്രമാണ് ഉപയോഗിച്ചിരുന്നത്. പണമാണ് എല്ലാം നിശ്ചയിക്കുന്നത്’ – ബജ്‌രംഗ് പറഞ്ഞു.
Leave a Comment