മാര്‍ക്‌സിസ്റ്റ് വിരുദ്ധ തിമിരത്തിന്റെ ആഘോഷത്തിനിടയില്‍ ഇതും കൂടി ആലോചിക്കണം…

തിരുവനന്തപുരം: അനുപമയ്ക്ക് കുട്ടിയെ നഷ്ടപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അമ്മയ്ക്ക് നഷ്ടപ്പെട്ട കുട്ടിയെ തിരികെ കിട്ടണമെന്നത് ന്യായമാണ്. പക്ഷേ അവരുടെ വീട്ടുകാര്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന ഒറ്റകാരണം കൊണ്ട് മാധ്യമങ്ങള്‍ പല കാര്യങ്ങളും സൗകര്യപൂര്‍വം മറക്കുകയും മറവി നടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചതെന്നും ഒടുവില്‍ ഒരു കുട്ടിയായപ്പോള്‍ ആദ്യ വിവാഹം സമ്മര്‍ദ്ദത്തിലൂടെ വേര്‍പ്പെടുത്തുകയും നിയമപരമായി നല്‍കേണ്ട ജീവനാംശം നല്‍കാതിരിക്കുകയും ചെയ്യുന്നത് പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആരോരുമില്ലാത്ത ആദ്യഭാര്യയെ ഉപേക്ഷിക്കുമ്പോള്‍ അവരുടെ ഭാവി ജീവിതം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും അന്തമായ സി.പി.എം വിരുദ്ധത ആഘോഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ആലോചിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ആനാവൂര്‍ നാഗപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നത് ഏറ്റവും ന്യായമാണ്. അത് കഴിഞ്ഞാല്‍ അനുപമയുടെ പിതാവും കുടുംബവും സിപിഐ(എം) പ്രവര്‍ത്തകരാണ് എന്ന ഒറ്റക്കാരണത്താല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ തുടരുന്ന സിപിഐ(എം) വിരുദ്ധ വാര്‍ത്തകളിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
കുടുംബമായി താമസിക്കുന്ന ഒരു സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ വേറൊരു പെണ്‍കുട്ടിയെ പ്രേമിക്കുക, ആ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാന്‍ ആകുമോ ? അംഗീകരിക്കാനാവില്ല എന്നാണ് എന്റെ ഖണ്ഡിതമായ അഭിപ്രായം. ആദ്യവിവാഹം സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേര്‍പെടുത്തി അവരെ അനാഥയാക്കി. ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നല്‍കുക എന്ന സാമാന്യനീതി ഇക്കാര്യത്തില്‍ നടപ്പിലാക്കിയതായി കാണുന്നില്ല. ആരോരുമില്ലാത്ത അനാഥയായ ആ പെണ്‍കുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകും ? സിപിഐ(എം)ന് എതിരെ കിട്ടിയ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുന്ന ആവേശത്തിനിടയില്‍ മാധ്യമങ്ങള്‍ ഇക്കാര്യങ്ങളൊക്കെ മറന്നു പോവുകയോ, മറവി നടിക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ നല്‍കുന്ന സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ള സമൂഹത്തിന് നല്ലതാണോ ? മോശമാണോ? എന്തായാലും നല്ലതല്ല എന്നാണ് എന്റെ പക്ഷം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ തിമിരത്തിന്റെ ആഘോഷത്തിനിടയില്‍ ഇതും കൂടി ആലോചിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായാല്‍ അത്രയും നന്ന്.

pathram:
Leave a Comment