റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാര്‍ പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 1999ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്.
മോദിയും മാര്‍ പാപ്പയും തമ്മില്‍ ഇന്ന് ഇന്ത്യന്‍ സമയം 12 മണിയ്ക്ക് പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പിന്നീട് വ്യക്തമാക്കും.
പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. ‘ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.
Leave a Comment