പെഗാസസ് രഹസ്യ വിവരങ്ങൾ ചോർത്തൽ; വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ മേൽനോട്ടം വഹിക്കും.

നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൌധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി.പ്രഭാകരൻ, ബോംബേ ഐഐടിയിലെ ഡോ.അശ്വിൻ അനിൽ ഗുമസ്തേ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ വിദഗ്ദ്ധ സമിതിക്ക് പിന്തുണ നൽകാനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.

പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാവും വിദഗ്ദ്ധ സമിതി അന്വേഷിക്കുക. കേന്ദ്രസർക്കാർ സമിതിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോടതി വിമർശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കോടതിക്ക് കേന്ദ്രത്തിൽ നിന്നും ലഭിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. എട്ട് ആഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment