കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.20 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 1800 ഘനയടി 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ 300 ഘനയടി വെള്ളം കൂടിയേ തമിഴ്നാടിനു കൊണ്ടുപോകാൻ കഴിയൂ. ഇതിൽ കൂടുതൽ അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കണമെങ്കിൽ സ്പിൽവേയിലെ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് ഒഴുക്കണം.
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലും താഴ്ത്തി നിർത്താൻ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. തുലാവർഷം ശക്തമായാൽ ആ കണക്കുകൂട്ടൽ തെറ്റും. ജലനിരപ്പ് 136 അടിയിൽനിന്ന് 142 ലേക്ക് ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയ ശേഷം മൂന്നു തവണ അത് 142 അടിയിലെത്തിയിരുന്നു– 2014 നവംബർ 21 നും 2015 ഡിസംബർ ആറിനും 2018 ഓഗസ്റ്റ് 15 നും. പഴയ കണക്കുകൾ പരിശോധിച്ചാൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവർഷക്കാലത്താണെന്നു വ്യക്തം.
ഇടുക്കി ആർഡിഒ എം.കെ. ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പെരിയാർ വില്ലേജിലെ വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം തുടങ്ങിയ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി.
Leave a Comment