സിനിമയിലൂടെ പറയുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഭരണത്തിലിരിക്കുന്നവരുമായി നേരിട്ടു കോർത്തിട്ടുണ്ട് നടൻ വിജയ്. അതിന്റെ പേരിൽ തമിഴകമാകെ പലപ്പോഴായി ഇളകി മറിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു വോട്ടു രേഖപ്പെടുത്താൻ സൈക്കിളുമായി ദളപതി റോഡിലിറങ്ങിയതും രാഷ്ട്രീയമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, തന്റെ രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ ഒന്നും മിണ്ടിയിട്ടില്ല ഇപ്പോഴും വിജയ്. ഏറ്റവും ഒടുവിൽ തമിഴ്നാട്ടിലെ 9 ജില്ലകളിൽ നടന്ന ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) അംഗങ്ങൾ നേടിയത് 115 സീറ്റുകൾ. രാഷ്ട്രീയത്തിന്റെ വാതിൽ വിജയ്‌ക്കു മുന്നിൽ തുറന്നു കിടക്കുന്നു..! എന്തു തീരുമാനിക്കും സൂപ്പർ സ്റ്റാർ..?
ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) എന്ന പേരിൽ സ്വതന്ത്രരായി 169 സീറ്റുകളിൽ മൽസരിച്ച ആരാധക സംഘടനാ ഭാരവാഹികളാണ് 115 സീറ്റുകൾ നേടിയത്. 13 സീറ്റുകളിൽ എതിരില്ലാതെയാണു വിജയം. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു മൗനം പാലിക്കുന്ന സമയത്ത് ടിവിഎംഐയുടെ പ്രകടനം സകലരെയും ഞെട്ടിച്ചു. തിരഞ്ഞെടുപ്പു നടന്ന കാഞ്ചീപുരം, ചെങ്കൽപെട്ട്, കള്ളകുറിശ്ശി, വില്ലുപുരം, റാണിപെട്ട്, തിരുപ്പത്തൂർ, തെങ്കാശി, തിരുനെൽവേലി എന്നീ എല്ലാ ജില്ലകളിലും ടിവിഎംഐ അംഗങ്ങൾ വിജയിച്ചു.
തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ആരാകും? രജനീകാന്ത് മുതൽ വിജയ് സേതുപതി വരെയുള്ള പേരുകൾ ഉത്തരമായി വരും. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏറ്റവും കൂടുതൽ എതിർപ്പു നേരിടേണ്ടിവന്ന നടൻ ആരെന്നു ചോദിച്ചാൽ അതു വിജയ് തന്നെ. ഡിഎംകെയും അണ്ണാഡിഎംകെയും ബിജെപിയുമെല്ലാം വിജയ് സിനിമകൾക്കെതിരെ ശബ്ദിച്ചു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘മാസ്റ്റർ’ പോലും കൃത്യമായ രാഷ്ട്രീയം പറഞ്ഞു.
2018ൽ പുറത്തിറങ്ങിയ ‘സർക്കാർ’ എന്ന ചിത്രത്തിനെതിരെ അന്നു ഭരണപക്ഷത്തായിരുന്ന അണ്ണാഡിഎംകെ നേരിട്ടു രംഗത്തെത്തി; സിനിമയിലെ ദളപതി രാഷ്ട്രീയത്തിലെ ദളപതിയാകാൻ വരുമെന്ന് ആരാധകർ അന്ന് ഏറെ പ്രതീക്ഷിച്ചു. അതിന്റെ തുടക്കമാണു സർക്കാരെന്ന് അവർ വിശ്വസിച്ചു; പക്ഷേ, അന്നും വിജയ് മൗനം പാലിച്ചു.
പ്രതിഷേധം ശക്തമായതോടെ വോട്ടിനു വേണ്ടി പാർട്ടിക്കാർ നൽകിയ സൗജന്യ വസ്തുക്കൾ തീയിടുന്ന ഭാഗം വെട്ടിമാറ്റി. വരലക്ഷ്മി ശരത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കോമളവല്ലിയെന്നാണ്. ഈ പേരു വരുന്ന ഭാഗങ്ങൾ ശബ്ദമില്ലാതാക്കി. ഇതു ജയലളിതയുടെ പേരാണെന്നും അവരെയാണ് ഉന്നംവയ്ക്കുന്നതുമെന്നായിരുന്നു ആരോപണം. സർക്കാർ വകുപ്പുകളെ പരസ്യമായി ആക്ഷേപിക്കുന്ന ചില ഭാഗങ്ങളും ഒഴിവാക്കി.
സർക്കാർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിജയ് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായി വിലയിരുത്തപ്പെട്ടു. ‘എല്ലാവരും തിരഞ്ഞെടുപ്പിനു ശേഷം സർക്കാരുണ്ടാക്കുന്നു. നമ്മൾ സർക്കാരുണ്ടാക്കിയ ശേഷം തിരഞ്ഞെടുപ്പ് നേരിടും. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കും. യഥാർഥ മുഖ്യമന്ത്രിയായാൽ പിന്നീട് അഭിനയിക്കില്ല’-എന്നിങ്ങനെയായിരുന്നു ഡയലോഗുകൾ.
എന്നാൽ, സർക്കാരിൽ ഡിഎംകെയുടെ രാഷ്ട്രീയം നിർമാതാവ് കലാനിധി മാരൻ വിജയിലൂടെ പറയിപ്പിക്കുകയാണെന്നാണ് അണ്ണാഡിഎംകെ ആരോപണം. മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്റെ സഹോദരനാണു കലാനിധി. സിനിമയിൽ സജീവമാകുന്ന കാലത്തു തന്നെ താൻ രാഷ്ട്രീയത്തിൽ വരുമെന്നു വിജയ് പറഞ്ഞതായി സർക്കാരിൽ വില്ലനായി അഭിനയിച്ച ഡിഎംകെ നേതാവ് പഴ കറുപ്പയ്യ വെളിപ്പെടുത്തിയതും ചർച്ചയായിയിരുന്നു.
വിജയ് നായകനായ ‘തലൈവ’യുടെ കഥ ചില രാഷ്‌ട്രീയ നേതാക്കളെ മോശമായി ചിത്രീകരിക്കുന്നതാണെന്നുള്ള ആരോപണം ഉയർന്നിരുന്ന സമയത്തു ചിത്രീകരണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ ചിത്രത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നിവേദനം നൽകാനെത്തിയ നടൻ വിജയ്‌ക്ക് മുഖ്യമന്ത്രി ജയലളിതയെ കാണാൻ അനുമതി ലഭിച്ചില്ല. അര മണിക്കൂറോളം കാത്തുനിന്ന ശേഷം പരാതി ബന്ധപ്പെട്ട അധികാരികൾക്കു കൊടുത്തു വിജയ്‌യും അച്‌ഛനും മടങ്ങി.
തലൈവ 2013ൽ റിലീസിനു തയാറായപ്പോൾ വഴിമുടക്കാൻ മുന്നിൽ നിന്നതും അന്നത്തെ അണ്ണാഡിഎംകെ സർക്കാരാണ്. ചിത്രം റിലീസ് ചെയ്താൽ തിയറ്റിനു ബോംബിടുമെന്നുവരെ ഭീഷണിയുണ്ടായി. സിനിമയുടെ ‘ടൈം ടു ലീഡ്’ എന്ന ടാഗ്‌ലൈൻ നീക്കിയതോടെയാണു പിന്നീട് റിലീസായത്.
2010ൽ പുറത്തിറങ്ങിയ വിജയ് ചിത്രമായ കാവലൻ അന്ന് ഒട്ടേറെ നിയമപോരാട്ടങ്ങൾക്കു ശേഷമാണു തിയറ്ററിലെത്തിയത്. ഇതിനു പിന്നിൽ അന്നത്തെ ഡിഎംകെ സർക്കാരാണെന്ന ആരോപണം ഉയർന്നിരുന്നു. കരുണാനിധി കുടുംബത്തിനു കീഴിലുള്ള നിർമാണ കമ്പനി നിർമിച്ച ചിത്രം ആ സമയത്തു റിലീസായിരുന്നു. രണ്ടു ചിത്രങ്ങളും ഒരുമിച്ചു റിലീസാകുന്നതു തടയാൻ ഡിഎംകെ ശ്രമിച്ചുവെന്നാണ് ആരോപണം. പിതാവ് സംവിധായകൻ എസ്.എ.ചന്ദ്രശേഖർ പിന്തുണ തേടി ജയലളിതയെ കണ്ടിരുന്നു.
വിജയ് രാഷ്ട്രീയ പ്രവേശന കാര്യത്തിൽ ഇതുവരെ ഉറച്ച തീരുമാനമെടുത്തിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ ഫാൻസ് ക്ലബ് അംഗങ്ങൾക്കു ലഭിച്ച മികച്ച വിജയം വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. പക്ഷേ, ഇടഞ്ഞ കൊമ്പനെപ്പോലെ രാഷ്ട്രീയത്തോടു തിരിഞ്ഞു നിൽക്കുകയാണു വിജയ്. വിജയ്‌യോ ടിവിഎംഐയുടെ ഭാരവാഹികളോ പരസ്യമായി മത്സരാർഥികൾക്കായി പ്രചാരണം നടത്തുകയോ അവരെ പിന്തുണച്ചു സംസാരിക്കുകയോ ചെയ്യാഞ്ഞിട്ടു കൂടി ലഭിച്ച വിജയം പലരും അദ്ഭുതത്തോടെയാണു വീക്ഷിക്കുന്നത്.
സെപ്റ്റംബറിൽ, ഗ്രാമീണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നപ്പോൾ, ചെന്നൈയ്ക്കു പുറത്തുള്ള പയ്യന്നൂരിലെ വിജയ്‌യുടെ ബംഗ്ലാവിൽ ഫാൻ ക്ലബ് അംഗങ്ങളുമായി രഹസ്യ യോഗങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. മത്സരിക്കാൻ സന്നദ്ധരായവർക്ക് വിജയ് അനുമതി നൽകുകയും അവരെ സ്വതന്ത്രമായി മത്സരിക്കാൻ അനുവദിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും ഉയർന്ന വിജയവുമായി ആരാധകർ തിരികെ ഇപ്പോൾ ദളപതിക്കു മുന്നിൽ വന്നു നിൽക്കുകയാണ്. ‘യെസ്’ എന്നൊരു വാക്കിനായി. വെള്ളിത്തിരശീല നീക്കി രാഷ്ട്രീയത്തിലേക്കു ദളപതി ‘മാസായി’ നടന്നു കയറുന്നതു കാത്തിരിക്കുകയാണ് ആരാധകരും.
Leave a Comment