100 കോടി ഡോസ് വാക്‌സിന്‍ നേട്ടം: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടി – മന്‍ കി ബാത്തില്‍ മോദി

ന്യൂഡല്‍ഹി: 100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടി. ഇതോടെ പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ അധ്വാനം കാരണമാണ് രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. ‘സൗജന്യ വാക്‌സിന്‍; എല്ലാവര്‍ക്കും വാക്‌സിന്‍’ എന്ന യജ്ഞം വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. രാജ്യത്തിന്റെ കരുത്തിലും ജനങ്ങളുടെ കഴിവിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.

ഉത്സവ കാലത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും ആഘോഷങ്ങള്‍ക്ക് പ്രാദേശികമായ ഉത്പന്നങ്ങള്‍ വാങ്ങാനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത് സാധാരണക്കാരായ തൊഴിലാളികളുടെ വീടുകളിലും ഉത്സവത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ലോകത്തില്‍ ആദ്യമായി ഡ്രോണുകളുടെ സഹായത്തോടെ ഗ്രാമങ്ങളില്‍ ഭൂമികളുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുകയാണ് നാം. ഡ്രോണ്‍ സാങ്കേതിവിദ്യയുടെ നിര്‍വചനത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റിമറിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഡ്രോണുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വാക്‌സിന്‍ വിതരണത്തിനും വരെ നാം ഉപയോഗിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

pathram:
Leave a Comment