വയനാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി

കല്‍പ്പറ്റ: മീനങ്ങാടിയില്‍നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി. കല്പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകള്‍ ശിവപാര്‍വണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ സഹോദരിയുടെ വീടായ മീനങ്ങാടി പുഴങ്കുനി ചേവായില്‍ കഴിഞ്ഞ വ്യാഴാഴ്ച വിരുന്നെത്തിയതായിരുന്നു ശിവപാര്‍വണ. ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയില്‍ വീണതാണെന്നാണ് കരുതുന്നത്. പുഴയോരത്ത് കുട്ടിയുടെ കാല്പാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്.

കല്പറ്റയില്‍നിന്ന് അഗ്‌നിരക്ഷാസേനയും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും നാട്ടുകാരും ചേര്‍ന്ന് ശനിയാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിരുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തിരച്ചില്‍ നടത്തിയത്.

ശനിയാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

pathram:
Related Post
Leave a Comment