ശബരിമല പ്രതിഷേധങ്ങള്‍; കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല-പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്ന് നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലെ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്. ഇതിനു പിന്നാലെ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു.

പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ശബരിമല-പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഐ.ജിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചിരുന്നത്.

pathram:
Related Post
Leave a Comment