സുരേഷ് ഗോപിയല്ലെങ്കില്‍ പിന്നെ ആര്, ബിജെപിയില്‍ നേതൃമാറ്റംു, രണ്ട് പേരുകള്‍ പരിഗണനയില്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയിലും കുഴല്‍പ്പണ വിവാദത്തിലും മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ ബിജെപി ഘടകത്തെ അഴിച്ചുപണിയാന്‍ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ നീക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനത്തെ ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തകരെ കണ്ട് സമഗ്രമായി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതിന്മേല്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തെടുത്ത തീരുമാനവും അനുസരിച്ചാണ് ബിജെപിയിലെ മാറ്റമുണ്ടാകുക. ബൂത്ത് തലം മുതല്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരുമെന്നുമാണ് സൂചന.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന് ഇനി ഒരുവര്‍ഷം കൂടി സമയമുണ്ട്. എന്നാല്‍ കുഴല്‍പ്പണ വിവാദത്തില്‍ പെട്ട് പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടതോടെ സുരേന്ദ്രനെതിരായ എതിര്‍പക്ഷത്തിന്റെ വാദങ്ങള്‍ക്ക് കേന്ദ്രനേതൃത്വം ചെവികൊടുക്കുന്നുവെന്നാണ് സൂചന. നേതൃത്വത്തിലെ പടലപ്പിണക്കവും ഗ്രൂപ്പുവഴക്കുമാണ് പാര്‍ട്ടിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടാന്‍ കാരണമായതെന്നാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി.

ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ സമാനമായ വികാരമാണെന്നത് ജനറല്‍ സെക്രട്ടറിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം നേതൃമാറ്റമുണ്ടാകുമെന്ന വാര്‍ത്തകളൊക്കെ തള്ളുകയാണ് ബിജെപി നേതാക്കള്‍. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ സ്വഭാവമറിയാവുന്നതിനാല്‍ അപ്രതീക്ഷിത തീരുമാനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കളോട് പ്രവര്‍ത്തകരില്‍ ഉണ്ടായ അതൃപ്തി ദേശീയ നേതൃത്വം കണക്കിലെടുത്താല്‍ മാറ്റം ഉടനെയുണ്ടായേക്കും.

ഈവര്‍ഷം അവസാനത്തോടെ മാറ്റമുണ്ടായേക്കുമെന്നാണ് സൂചനകള്‍. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജീവമായും സക്രിയമായും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിലവിലെ സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി ബിജെപി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളില്‍ നിറയുന്നത് സുരേഷ് ഗോപിയാണ്. ഇദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇത് കാരണമായി. സംസ്ഥാന നേതാക്കളേക്കാള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ജനശ്രദ്ധയും പ്രചാരണവും ലഭിക്കുന്നത് സുരേഷ്ഗോപി വഴിയാണ്. എന്നാല്‍ സംസ്ഥാന അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്നാണ് സുരേഷ്ഗോപി വ്യക്തമാക്കുന്നത്.

അപ്പോള്‍ ആരായിരിക്കാം നേതൃത്വത്തിലേക്ക് വരിക എന്നതാണ് ചോദ്യം. അധ്യക്ഷ സ്ഥാനത്തിന് തീര്‍പ്പില്ലാതെ കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. ഇതേപോലെ ബിജെപി സംവധാനത്തിന് പുറത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ആരെയെങ്കിലും നേതൃത്വത്തിലേക്ക് എത്തുമോയെന്നതാണ് ഇനി അറിയേണ്ടത്. ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരി ഈ സ്ഥാനത്തെത്തുമോ എന്ന ആകാംക്ഷയും ഉയര്‍ന്നിട്ടുണ്ട്‌

സുരേന്ദ്രനെ അധ്യക്ഷനാക്കിയത് കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ഇനിയൊരു ഗ്രൂപ്പ് വഴക്കിന് കേന്ദ്രം തയ്യാറായേക്കില്ല. അതിനാല്‍ സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി എന്നീ പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്. അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി നിലപാട് തുടര്‍ന്നാല്‍ വത്സന്‍ തില്ലങ്കേരിക്ക് നറുക്ക് വീണേക്കും. ആര്‍എസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് ഇദ്ദേഹത്തിന് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ. അല്ലെങ്കില്‍ അവസാന ശ്രമമായി കഴിഞ്ഞതവണ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച എം.ടി. രമേശിനെ അധ്യക്ഷനാക്കാനും തുനിഞ്ഞേക്കും. നേതൃത്വത്തിലെ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും സംഘപരിവാറിലും പുറത്തും ഇദ്ദേഹത്തിന് സ്വീകാര്യതയുണ്ട്.

സംസ്ഥാനത്തെ നേതാക്കളുടെ പരസ്പരമുള്ള തമ്മിലടിയേക്കാള്‍ ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസവും അഭിമാനവും തകര്‍ത്തത് കുഴല്‍പ്പണ വിവാദമാണ്. ഇന്നും പ്രാദേശിക തലത്തില്‍ പോലും പാര്‍ട്ടി പരിഹാസ്യരായി തീര്‍ന്നതിന് കാരണമായ കേസില്‍ നേതൃത്വത്തിനോട് പ്രാദേശിക തലത്തില്‍ അതൃപ്തിയുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. അതിനാല്‍ താഴേത്തലത്തില്‍ അഴിച്ചുപണി നടത്തി ഇത്തവണ സംസ്ഥാന നേതൃത്വത്തിന് മുഖം രക്ഷിക്കാനാകില്ല.

കുഴല്‍പ്പണ വിവാദത്തോടെ സംസ്ഥാന നേതൃത്വത്തിനോടുള്ള വിശ്വാസം ആര്‍എസ്എസ് നേതാക്കള്‍ക്കും നഷ്ടപ്പെട്ടുവെന്നത് ഇപ്പോഴത്തെ നേതൃത്വത്തിന് തിരിച്ചടിയായേക്കും. അതിനാല്‍ അവരേക്കൂടി വിശ്വാസത്തിലെടുത്തുള്ള തീരുമാനമാണ് കേന്ദ്രനേതൃത്വം എടുക്കുകയെന്നാണ് അറിയുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പാര്‍ട്ടിക്ക് വോട്ടാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്ന പൊതുവികാരമുണ്ട്.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ സംഘടനാ കാര്യക്ഷമതയിലും ഇടിവുണ്ട്. ഇതിന് കാരണം പരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിയുള്ള ആളുകളുടെ വോട്ടുപോലും നേടിയെടുക്കാനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നതാണ് വിലയിരുത്തല്‍. അഴിച്ചുപണി വന്നാല്‍ പ്രവര്‍ത്തകരെയും സംഘടനയെും ആകെ പരിഗണിക്കുന്ന മാറ്റമാണ് വരികയെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

pathram:
Related Post
Leave a Comment