പെഗസസ് ചോര്‍ത്തല്‍ ; വിഷയം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കും. മറ്റൊരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ തന്നെയാണ് സമിതി രൂപീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പെഗസസില്‍ ഹര്‍ജിക്കാരനായ അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഈ ആഴ്ച തന്നെ പെഗസസ് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതിയില്‍ അംഗമാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ച ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറി. അതിനാലാണ് കാലതാമസം.’– ചീഫ് ജസ്റ്റിസ് പറഞ്ഞു. പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വിവാദത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പെഗസസ് ഉപയോഗിച്ച് നിയമവിരുദ്ധമായി വിവരങ്ങള്‍ ചോര്‍ത്തിയോയെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. അനധികൃതമായി പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്നു മാത്രമാണ് അറിയേണ്ടതെന്നു സെപ്റ്റംബര്‍ 13നു ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നതില്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റുമാണ് ഹര്‍ജിക്കാര്‍. അന്വേഷണ സമിതിയെ വയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

pathram:
Leave a Comment