കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം.

മനുഷ്യ കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കാന്‍ കൊറോണ വൈറസ് ഉപയോഗപ്പെടുത്തുന്നത് എസിഇ2 റിസപ്റ്റര്‍ പ്രോട്ടീനുകളെയാണ്. ഈ എസിഇ2 പ്രോട്ടീനുകളെ അമര്‍ത്തിവയ്ക്കുക വഴി സിഗരറ്റ് പുകയിലെ ചില ഘടകങ്ങള്‍ കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കടക്കുന്നത് തടയുമെന്ന് ഗവേഷകര്‍ പറയുന്നു.

6-ഫോര്‍മിലിന്‍ഡോളോ(3,2-b) കാര്‍ബസോള്‍ (FICZ), ഒമേപ്രസോള്‍(OMP) എന്നീ മരുന്നുകളാണ് സിഗരറ്റ് പുകയുടെ പ്രഭാവത്തെ അനുകരിച്ച് കോവിഡ് തെറാപ്പിയില്‍ സഹായകമാകുന്നത്. ട്രിപ്റ്റോഫാന്‍ അമിനോ ആസിഡിന്‍റെ ഒരു ഉപോത്പന്നമാണ് കാര്‍ബസോള്‍. ഒമേപ്രസോള്‍ ആകട്ടെ നിലവില്‍ ആസിഡ് റീഫ്ളക്സ്, പെപ്റ്റിക് അള്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്.

സിഗരറ്റ് പുകയില്‍ അടങ്ങിയിട്ടുള്ള പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ അറില്‍ ഹൈഡ്രോകാര്‍ബണ്‍ റിസപ്റ്ററുകളെ(എഎച്ച്ആര്‍) ഉത്തേജിപ്പിക്കുന്നതാണ്. എഎച്ച്ആറുകളെ ഉത്തേജിപ്പിക്കുക വഴിയാണ് FICZ, OMP മരുന്നുകളും എസിഇ2 റിസപ്റ്ററുകളെ അമര്‍ത്തിവയ്ക്കുകയെന്നു ഗവേഷകർ പറയുന്നു. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ FICZ, OMP മരുന്നുകളുടെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ് ഗവേഷണ സംഘം. സയന്‍റിഫിക് റിപ്പോര്‍ട്ട്സ് ജേണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

pathram desk 1:
Related Post
Leave a Comment