കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങൾക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് മരണങ്ങൾക്കും ഈ മാർഗരേഖ പ്രകാരം നഷ്ടപരിഹാരം നൽകും

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മാർഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് സഹായം നൽകുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ജില്ലാ ദുരന്ത നിവാരണ ആതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും മാർഗ്ഗ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക സഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. മരണ സർട്ടിഫിക്കറ്റിൽ കോവിഡ് എന്ന് രേഘപെടുത്താത്തതിൽ തർക്കമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്. അഡീഷണൽ ജില്ലാ കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ തുടങ്ങിയവർ അടങ്ങുന്നതാണ് സമിതി. സമിതിയുടെ കണ്ടെത്തൽ പരാതിക്കാരന് അനുകൂലമല്ലെങ്കിൽ കൃത്യമായ കാരണം പരാതിക്കാരനെ ബോധിപ്പിക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

pathram desk 1:
Related Post
Leave a Comment