കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ അധികാര കേന്ദ്രങ്ങള്‍ മാറുന്നതിലെ ആശങ്ക – സുധാകരന്‍

കണ്ണൂര്‍: ഡിസിസി പ്രസിഡന്റ് നിയമനത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ക്കാന്‍ കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാവാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി ബോധ്യപ്പെടുത്തി മുന്നോട്ടുപോവും. കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഡയറി ഉയര്‍ത്തിക്കാട്ടി വിശദീകരിക്കേണ്ടി വന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സംഘടനയെ ശുദ്ധീകരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഇത്രയധികം എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എല്ലാവരും സഹകരിക്കുമെന്ന് കരുതി. അതേസമയം ഇത്തരത്തില്‍ വികാരം പ്രകടിപ്പിക്കുന്നവരെ കുറ്റപ്പെടുത്താനും പറ്റില്ല. ഒരുപാട് കാലം കൈയില്‍ വെച്ച, സ്വയം നിയന്ത്രിച്ച പാര്‍ട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്ക അവരുടെ മനസ്സില്‍ കടന്നുവരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്.

കോണ്‍ഗ്രസിന്റെ നേതൃരംഗത്ത് നില്‍ക്കുന്ന ആരേയും മാറ്റിനിര്‍ത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ല. രണ്ട് തവണ ചര്‍ച്ച ചെയ്‌തെന്ന് താന്‍ പറഞ്ഞപ്പോള്‍ ചെയ്തില്ലെന്ന് അവര്‍ പ്രതികരിച്ചു. അവിടെയാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തപ്പോഴാണ് അത് വിശദീകരിക്കാനാണ് ഡയറി ഉയര്‍ത്തിക്കാട്ടിയത്.

രമേശ് ചെന്നിത്തലയ്ക്ക് തന്നേക്കാളും പ്രായം കുറവാണ്. തനിക്ക് അതില്‍ തര്‍ക്കമില്ല. മുതിര്‍ന്ന ആളെന്ന നിലയ്ക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷ. ജംബോ കമ്മിറ്റികളില്‍ മാറ്റമുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം നേതാക്കളെ ബോധ്യപ്പെടുത്തും. അവര്‍ ഒന്നും അറിയാത്ത ആളുകളല്ലല്ലോ.

അച്ചടക്ക നടപടിക്ക് മുന്‍കാല പ്രാബല്യമുണ്ടായാല്‍ എത്ര പേര്‍ കോണ്‍ഗ്രസിലുണ്ടാവുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും കെ സുധാകരന്‍ മറുപടി പറഞ്ഞു. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല. അത്തരത്തില്‍ ഒരു പ്രസ്താവന പോലും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

തനിക്കെതിരേ ഏതൊക്കെ തരത്തിലുള്ള വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. ഒരു തവണ പോലും താന്‍ പ്രതികരിച്ചിട്ടില്ല. എന്നെ തെറിവിളിക്കുന്നത് ഒരു അവകാശമാണോ? അത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പറ്റില്ല. അച്ചടക്കം പാലിച്ചേ മുന്നോട്ടുപോവാനാവുകയുള്ളൂ. കെപിസിസി അധ്യക്ഷനായി ഇരിക്കുന്നിടത്തോളം അച്ചടക്കത്തോടെ മാത്രമേ മുന്നോട്ടുപോവുകയുള്ളൂ. അല്ലാത്തപക്ഷം താന്‍ ഇതിന് നില്‍ക്കില്ല.

താനും വിഡി സതീശനും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതൊക്കെ താല്‍ക്കാലികം മാത്രമാണ്. അതൊന്നും ശാശ്വതമായി നിലനില്‍ക്കില്ല. മറുഭാഗത്ത് ഞങ്ങള്‍ക്ക് ആവേശം നല്‍കുന്ന അണികളുണ്ട്. അവരുടെ വിശ്വാസവും ആവേശവും ഞങ്ങള്‍ക്ക് കരുത്ത് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

pathram:
Leave a Comment