വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണം: സൂര്യഗായത്രിയുടെ മാതാപിതാക്കള്‍

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ സൂര്യഗായത്രിയെ (20)യെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കാരണമെന്ന് മാതാപിതാക്കള്‍. അരുണ്‍ മുന്‍പ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛന്‍ ശിവാദാസനും അമ്മ വത്സലയും പറയുന്നു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുണ്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. നാല് മാസം മുന്‍പാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുണ്‍ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരില്‍ ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലമുതല്‍ പാദം വരെ നിരവധി മുറിവകളുമായി സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.

കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തിയായിരുന്നു അരുണ്‍ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അടുക്കള വാതിലിലൂടെ അകത്തേക്ക് കടന്ന അരുണ്‍ സൂര്യയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയ അമ്മയ്ക്കും പരിക്കേറ്റു. അച്ഛന്‍ ശിവദാസനേയും അരുണ്‍ മര്‍ദ്ദിച്ചു.

നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സമീപത്തെ ഒരു വീടിന്റെ ടെറസില്‍ ഒളിച്ച പ്രതിയെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment