സിസിടിവി ക്യാമറ നിരീക്ഷണവലയം, ലണ്ടൻ പിന്നിൽ; ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ നഗരം

ന്യൂജേഴ്‌സി: ഒരു ചതുരശ്രമൈൽ സ്ഥലത്ത് 1826 സിസിടിവി ക്യാമറകൾ! ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകളുള്ള ഈ നഗരം ഏതെന്നോ? ഡൽഹി! ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിൻതള്ളി ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിൽ ഒരു ചതുരശ്രമൈൽ പ്രദേശത്ത് 1138 ക്യാമറകളാണുള്ളത്.

ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ഖ്യാതി ഡൽഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഒരു ചതുരശ്രമൈലിൽ 609 ക്യാമറകൾ. മുംബൈ പട്ടികയിൽ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ഷെൻഷെൻ (520), വുക്‌സി (472), ക്യുങ്ദാഓ (415), ഷങ്ഹായ് (408) എന്നീ ചൈനീസ് നഗരങ്ങളെല്ലാം ക്യാമറക്കണ്ണുകളുടെ കാര്യത്തിൽ ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച്‌ പിന്നിലാണ്. ന്യൂയോർക്കിൽ 193 ഉം മോസ്‌കോയിൽ 210 ഉം ആണ് ചതുരശ്രമൈലിൽ ക്യാമറകളുടെ എണ്ണം.

ക്യാമറക്കാര്യത്തിൽ ഷങ്ഹായ്, ലണ്ടൻ, ന്യൂയോർക്ക് നഗരങ്ങളെ പിന്നിലാക്കിയതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. തലസ്ഥാന നഗരത്തിൽ ക്യാമറ നിരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കെജ്‌രിവാൾ അഭിനന്ദിച്ചു.

pathram:
Related Post
Leave a Comment