വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; ഒരിഞ്ച് പിന്നോട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

‘കേരളത്തില്‍, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും കേരളത്തില്‍ രോഗബാധയേല്‍ക്കാന്‍ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവര്‍ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയില്‍ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം. മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും, അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.’ മുഖ്യമന്ത്രി എഴുതുന്നു.

കേരളം പിന്തുടര്‍ന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേരളം ഒരു തുളളി വാക്‌സിന്‍ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും ഓര്‍മിപ്പിച്ചു. മൂന്നാംതരംഗത്തെ നേരിടാനുളള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.

അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ‘കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം – പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളില്‍ – ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ല.’ മുഖ്യമന്ത്രി എഴുതുന്നു.

pathram:
Leave a Comment