ഐഎസ് ഭീകരാക്രമണ ഭീഷണി: കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണ് വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പ്

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി.

ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു. ഇതിന്റെ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. എല്ലാ സമയത്തും, പ്രത്യേകിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും മുന്നറിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. ഓഗസ്റ്റ് 31ന് മുന്‍പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തില്‍നിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനില്‍നില്‍ക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിലും നടന്നും ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് പറഞ്ഞത്. വിമാനത്താവളത്തിനു പുറത്തു കാത്തുകിടക്കുന്നവരെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

pathram:
Related Post
Leave a Comment