ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകള്‍ കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എംപി മാരും എംഎല്‍എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസ്സുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതില്‍ 170 കേസുകളുടെ വിചാരണയാണ് നിലവില്‍ പൂര്‍ത്തിയാക്കാനായി ഉള്ളത്. പ്രത്യേക കോടതിയിലെ നാല് ജഡ്ജിമാരില്‍ മൂന്ന് പേരുടെ കോടതി മുറിയിലും വിചാരണ നടത്തുന്നതിന് വീഡിയോ കോണ്‍ഫെറന്‍സ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയില്‍ ഉള്ള 381 കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.

അഭിഭാഷകനായ ടി.ജി.എന്‍.നായരാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്

pathram:
Related Post
Leave a Comment