പ്രണയത്തെച്ചൊല്ലിയുള്ള കലഹം; 16-കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട്: മണ്ണാര്‍ക്കാട്ട് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയത്തെച്ചൊല്ലിയുള്ള കലഹമെന്ന് പോലീസ്. കേസില്‍ പ്രതിയായ ജംഷീറിനെ കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ക്കെതിരേ വധശ്രമം, അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ജംഷീര്‍ 16 വയസ്സുകാരിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. നിലവിളി കേട്ട് മുത്തശ്ശി ഓടിയെത്തിയതാണ് പെണ്‍കുട്ടിക്ക് രക്ഷയായത്. തുടര്‍ന്ന് മുത്തശ്ശിയെ മര്‍ദിച്ചശേഷം പ്രതി വീട്ടില്‍നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തിനുശേഷം മണ്ണാര്‍ക്കാട്ടെ ഒളിത്താവളത്തിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജംഷീറും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇതിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം വിലക്കി. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രണയം തുടര്‍ന്നിരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇതിലുണ്ടായ കലഹങ്ങളാണ് വധശ്രമത്തില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം, ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

pathram:
Related Post
Leave a Comment