വടക്കഞ്ചേരി: ഗതാഗതത്തിനായി തുറന്ന വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ വരവ് ക്രമാതീതമായതോടെ തുരങ്കത്തിലും ഗതാഗതക്കുരുക്ക്. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ ആളുകൾ വാഹനങ്ങൾ നിർത്തിത്തുടങ്ങിയതോടെയാണ് കുരുക്ക് രൂപപ്പെട്ടു തുടങ്ങിയത്.
തുരങ്കത്തിലേക്ക് പ്രവേശിച്ചവർ വാഹനം വളരെ പതുക്കെ ഓടിക്കാനും കൂടി തുടങ്ങിയതോടെ തുരങ്കത്തിനുള്ളിൽ വാഹനങ്ങളുടെ തിരക്കായി. തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങി വഴുക്കുംപാറ ഭാഗത്ത് പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വഹനത്തിരക്ക് രൂപപ്പെട്ടതോടെ തുരങ്കത്തിനുള്ളിൽ വാഹനങ്ങൾ നിറഞ്ഞു. ഹൈവേപോലീസ് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് കുറയ്ക്കാനായില്ല. രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്.
തുരങ്ക കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ഫോട്ടോയെടുക്കലും വീഡിയോ ചിത്രീകരണവുമായിരുന്നു ആളുകളുടെ പ്രധാന ഇഷ്ടം.പതിനായിരത്തിലധികം പേരാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പോസുകളിൽ ക്യാമറകളിൽ ക്ലിക്കടിച്ചത്.
കേരളത്തിലെ ആദ്യ തുരങ്കത്തിലൂടെയുള്ള യാത്രാനുഭവം ആസ്വദിക്കാനായി മാത്രം വിവിധ ജില്ലകളിൽനിന്ന് ആളുകളെത്തി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ.
തുരങ്കത്തിന്റെ മുമ്പിൽ വാഹനം നിർത്തുന്നത് ഗതാഗത തടസ്സങ്ങളുണ്ടാക്കിയെങ്കിലും ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചു. തുരങ്കത്തിനു പുറത്തെത്തുമ്പോൾ റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും ആസ്വദിച്ചാണ് യാത്രക്കാരുടെ മടക്കം.
Leave a Comment