പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ അഗ്നിക്കിരയാക്കി അധ്യാപിക

കാബൂള്‍: പെണ്‍കുട്ടികളെ താലിബാന്‍ ഭീകരരില്‍നിന്നു സംരക്ഷിക്കുന്നതിനു അവരുടെ സ്‌കൂള്‍ രേഖകള്‍ തീയിട്ട് നശിപ്പിച്ച് സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ് അഫ്ഗാനിസ്താന്‍ സ്ഥാപക ഷബാന ബസിജ്-റാസിഖ്. പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്‌കൂളുകളുടെ സ്ഥാപകയാണിവര്‍. മുമ്പ് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനു താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ താലിബാൻ ഭീകരർക്ക് ലഭിക്കാതിരിക്കുന്നതിനാണ് രേഖകൾ നശിപ്പിച്ചത്.

‘പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബോര്‍ഡിങ് സ്‌കൂളിന്റെ സ്ഥാപക എന്ന നിലയില്‍ എന്റെ വിദ്യാര്‍ഥിനികളുടെ രേഖകള്‍ കത്തിച്ചുകളയുകയാണ് ഞാന്‍. അവരെ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതിനല്ല, മറിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ രേഖകള്‍ കത്തിച്ച ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും ഞങ്ങളുടെ സുരക്ഷയെ പിന്തുണയ്ക്കുന്നവര്‍ക്കും ഉറപ്പുനല്‍കാനാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്-അവര്‍ ട്വീറ്റു ചെയ്തു. രേഖകള്‍ കത്തിക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

താലിബാന്റെ നിയമം പ്രകാരം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അനുവാദമുണ്ടെങ്കിലും ആണ്‍കുട്ടികളും പുരുഷന്മാരും പഠിക്കുന്ന സ്‌കൂളുകള്‍, കോളേജ്, മദ്രസ എന്നിവടങ്ങളില്‍ പോയി പഠിക്കുന്നതിന് അനുവാദമില്ല. 12 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുമായോ ബന്ധുക്കളല്ലാത്തവരുമായോ സംസാരിക്കുന്നതിനും സ്ത്രീകള്‍ക്ക് അനുവാദമില്ല. നിയമം ലംഘിക്കുന്നവര്‍ക്കു കടുത്തശിക്ഷയാണ് താലിബാന്‍ നല്‍കുന്നത്. കല്ലെറിഞ്ഞു കൊല്ലുക, പൊതുഇടങ്ങളില്‍ അവഹേളിക്കുക, ചാട്ടവാറടി എന്നിവയാണ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കു നല്‍കുന്ന ശിക്ഷകള്‍.

pathram:
Related Post
Leave a Comment