‘പൗരത്വ നിയമം നടപ്പാക്കേണ്ടത് ഇതുകൊണ്ടാണ്’; അഫ്ഗാന്‍ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി.

അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത്’- മന്ത്രി പറഞ്ഞു

അതേസമയം ഇന്ന് മാത്രം മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് ഇന്ത്യ അഫ്ഗാനിസ്താനില്‍നിന്ന് നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

2014 ഡിസംബര്‍ അവസാനത്തിന് മുന്‍പായി രാജ്യത്തെത്തിയ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖ്, ബുദ്ധ, ജെയിന, പാര്‍സി മതവിഭാഗത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതിനായാണ് പൗരത്വ നിയമം പാസ്സാക്കിയത്.

നേരത്തെ അഫ്ഗാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാനമന്ത്രി ഒരു ഉന്നതതല യോഗം വിളിച്ചിരുന്നു. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ഹിന്ദു, സിഖ് വിഭാത്തിലുള്ളവര്‍ക്ക് അഭയം നല്‍കുന്നതിനും വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചിരുന്നു.

അതേസയം രാജ്യം വിടാന്‍ ശ്രമിച്ച 70 സിഖ് വംശജരെ താലിബാന്‍ തടഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അയച്ചിരിക്കുന്ന വിമാനത്തില്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് താലിബാന്‍ തടയാനുള്ള കാരണമായി പറഞ്ഞത്.

pathram:
Leave a Comment