വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎം; ഏത് സ്ഥാനത്തായാലും നടപടിയുണ്ടാവും – പിണറായി

തിരുവനന്തപുരം: വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു പാര്‍ട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്ത മറ്റുവ്യതിയാനങ്ങള്‍ക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ആരെങ്കിലും ചിലര്‍ തെറ്റുകാണിച്ചാല്‍ അത് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയില്‍ ഏത് സ്ഥാനം വഹിച്ചാലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ് പതിവ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് വലിയതോതില്‍ തെറ്റായ കാര്യമാണ് ചെയ്തിട്ടുള്ളത്. തെറ്റായ കാര്യങ്ങളെ കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഭരണസമിതി തന്നെ പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോകുന്നത്. ആ അന്വേഷണം നല്ല കൃത്യതയോടെ പ്രത്യേക സംഘത്തെ വെച്ച് നടത്തുകയാണ്. കുറ്റവാളികളും തെറ്റുചെയ്തവരും ആരായാലും ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സഹകരണ മേഖല ജനം ഏറ്റവുമധികം വിശ്വാസമര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. അതിനകത്ത് ഇതുപോലുള്ള അനുഭവങ്ങള്‍ വളരെ വിരളമാണ്. പ്രസ്ഥാനങ്ങള്‍ എന്ന നിലക്ക് തീരെ ഉണ്ടായിട്ടില്ല എന്ന് പറയാനാവില്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം കര്‍ശന നടപടി ഉണ്ടായിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment