സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത്? സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് വാക്‌സിന്റെ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിച്ചേക്കുമെന്ന് സൂചന. സംസ്ഥാനത്ത് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഏജന്‍സികള്‍ കേരളവുമായി ചര്‍ച്ച നടത്തി.

പ്രാരംഭ ചര്‍ച്ചയുടെ ഭാഗമായി നിര്‍മാണ യൂണിറ്റിനുള്ള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരല്‍ പാര്‍ക്കിന് സമീപം യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് സൂചന.

കേരളത്തില്‍ തന്നെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ചര്‍ച്ചകള്‍ക്ക് പിന്നാലെ വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസി കരട് പദ്ധതി തയ്യാറാക്കാനുള്ള നടപടികളിലേക്കും കടന്നതായാണ് വിവരം. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് സ്പുട്‌നിക് നിര്‍മാതാക്കളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നിലവില്‍ സ്പുട്‌നിക് വാക്സിന്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സെപ്തംബറോടെ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ യൂണിറ്റുകളിലൂടെ വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്ന് റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഫ് (റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്) നേരത്തെ അറിയിച്ചിരുന്നു.

pathram:
Leave a Comment