കണ്ണൂര്‍: കൊയിലാണ്ടിയില്‍ അഷറഫ് എന്ന യുവാവിനെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കൊടി സുനിയിലേക്ക്. അഷ്റഫിന്റെ ഫോണില്‍ കണ്ടെത്തിയ ശബ്ദരേഖയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അഷ്‌റഫിന്റെ ഫോണില്‍നിന്ന് അന്വേഷണ സംഘം കൊടി സുനിയുടെ ശബ്ദരേഖ കണ്ടെത്തി.
കൊടിവള്ളി സംഘവും കണ്ണൂര്‍ സംഘവും തമ്മിലുള്ള പകയാണ് അഷറഫിനെ തട്ടികൊണ്ടു പോകുന്നതില്‍ കലാശിച്ചത്. കൊടിവള്ളി സംഘത്തിന് വേണ്ടിയാണ് രണ്ടു മാസം മുമ്പ് അഷ്‌റഫ് രണ്ടു കിലോ സ്വര്‍ണം റിയാദില്‍നിന്ന് കൊണ്ടുവന്നത്. എന്നാല്‍ ഇത് കൊടുവള്ളി സംഘത്തിന് കൈമാറാന്‍ അഷ്‌റഫിനായില്ല. സ്വര്‍ണം കണ്ണൂര്‍ സംഘം തട്ടികൊണ്ടുപോകുകയായിരുന്നു.
അഷ്‌റഫിന്റെ മൗനസമ്മതത്തോടെയാണ് സ്വര്‍ണം തട്ടികൊണ്ടുപോയത്. സ്വര്‍ണം നഷ്ടപ്പെട്ടതിന് ശേഷം കൊടുവള്ളി സംഘത്തിന്റെ ഭാഗത്ത് നിന്ന് അഷ്റഫിന് നിരന്തരം ഭീഷണിയുണ്ടായി. സ്വര്‍ണമോ അതിന്റെ മൂല്യം പണത്തിലോ നല്‍കണമെന്നാണ് കൊടുവള്ളി സംഘം അഷ്‌റഫിനോട് ആവശ്യപ്പെട്ടത്. തന്നെ ഭീഷണിപ്പെടുത്തുന്ന കാര്യം അഷ്‌റഫ് കണ്ണൂര്‍ സംഘത്തെ അറിയിച്ചു.
ഇതേ തുടര്‍ന്ന് കൊടുവള്ളി സംഘത്തിന് കൈമാറണമെന്ന പേരിലാണ് കൊടി സുനിയുടെ ഒരു ശബ്ദരേഖ അഷ്‌റഫിന്റെ ഫോണിലേക്ക് വന്നത്. കൊടി സുനിയുടേതാണ് സ്വര്‍ണം എന്ന തരത്തിലുള്ളതായിരുന്നു ശബ്ദസന്ദേശം.
അഷ്റഫിനെ തട്ടികൊണ്ടുപോയ കേസാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോലീസ് നടപടിക്രമങ്ങള്‍ കഴിഞ്ഞ ഉടനെ അഷ്റഫിനെ കസ്റ്റംസിന് കൈമാറും. ബാക്കിയുള്ള കേസിന്റെ അന്വേഷണചുമതല കസ്റ്റംസിനാണ്. അഷ്റഫിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കൊടുവള്ളി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.
Leave a Comment