‘നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്’

പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്ച വിവാരിച്ചാണ് അല്‍ഫോന്‍സിന്റെ ആശംസ കുറിപ്പ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്.

അല്‍ഫോന്‍സിന്റെ വാക്കുകള്‍ ഇങ്ങനെ:

ജന്മദിനാശംസകള്‍ പ്രണവ് മോഹന്‍ലാല്‍ ഈ വര്‍ഷവും വരും വര്‍ഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ. എന്റെ ഓഫിസില്‍ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവര്‍ത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസില്‍ വന്നു. ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സംസാരിച്ചിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.

ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാന്‍ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്.

pathram:
Leave a Comment