രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന്

കോഴിക്കോട്: രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും സ്വര്‍ണക്കവര്‍ച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യം വെളിപ്പെടുത്തി പൊലീസ്. കൊടുവള്ളി, ചെര്‍പ്പുളശ്ശേരി സംഘങ്ങള്‍ക്കു പുറമെ കണ്ണൂരില്‍നിന്നുള്ള കവര്‍ച്ചാ സംഘം കൂടി സ്വര്‍ണത്തിനുവേണ്ടിയുള്ള മത്സരയോട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.

കൊടുവള്ളിയിലെ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി ദുബായില്‍നിന്നു സ്വര്‍ണമെത്തുന്ന വിവരം കാരിയര്‍ തന്നെയാണ് കണ്ണൂര്‍ സംഘത്തിനു ചോര്‍ത്തിക്കൊടുത്തതെന്ന് കസ്റ്റംസ് ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കവര്‍ച്ചാസംഘത്തെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യം പുറത്തുവന്നത്.

കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കിലോഗ്രാം സ്വര്‍ണവുമായി മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ ജൂണ്‍ 21നു പുലര്‍ച്ചെയാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്. കൊടുവള്ളി കേന്ദ്രമായുള്ള സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടിയായിരുന്നു സ്വര്‍ണമെത്തിച്ചത്. ഈ സ്വര്‍ണം തട്ടിയെടുക്കാനാണ് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍നിന്ന് 3 വാഹനങ്ങളിലായി 15 പേരുള്ള സംഘമെത്തിയത്. സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ വിവരമറിഞ്ഞു മടങ്ങിയ കൊടുവള്ളി സംഘത്തെ ചെര്‍പ്പുള്ളശ്ശേരി സംഘം പിന്തുടരുകയായിരുന്നുവെന്നും സ്വര്‍ണമില്ലെന്ന വിവരമറിഞ്ഞു മടങ്ങുമ്പോള്‍ അപകടം സംഭവിച്ചുവെന്നുമായിരുന്നു പൊലീസിന്റെ ആദ്യനിഗമനം.

എന്നാല്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ച കസ്റ്റംസാണ് ഇയാള്‍ കണ്ണൂര്‍ സ്വദേശിയായ അര്‍ജുനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. കൊടുവള്ളി സംഘത്തിനായി സ്വര്‍ണമെത്തിക്കുന്ന വിവരം ഇയാള്‍ കണ്ണൂര്‍ സംഘത്തിനു ചോര്‍ത്തി നല്‍കിയതായി കസ്റ്റംസ് മനസ്സിലാക്കി. മുഹമ്മദ് ഷഫീക്കിന്റെ ഫോണില്‍നിന്ന് അവസാനം വിളിച്ചിരിക്കുന്നതും അര്‍ജുനെയാണ്. ഇതോടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണെന്ന നിഗമനത്തില്‍ പൊലീസെത്തി.

pathram:
Leave a Comment