‘കിരണിന്റെ അമ്മയും മർദിച്ചു; ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിന് ഫോൺ തല്ലിപ്പൊട്ടിച്ചു’

കൊല്ലം : ശാസ്താംകോട്ടയിൽ തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ ഭർത്താവ് കിരണ്‍കുമാറിന്റെ അമ്മയും വിസ്മയയെ മര്‍ദിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമായിരുന്നു കിരണിന്റെ മര്‍ദനം. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോൺ തല്ലിപ്പൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

മകളുടെ മരണത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഭർത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്കു പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ല. ‘വിസ്മയ ഫോണ്‍ ചെയ്ത് എന്നോടു പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും’ – അമ്മ പറഞ്ഞു.

ബിഎഎംഎസ് വിദ്യാർഥിനിയും അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ എസ്.കിരൺകുമാറിന്റെ ഭാര്യയുമായ വിസ്മയയെ തിങ്കളാഴ്ച പുലർച്ചെയാണ് കിരണിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജോലി നോക്കുന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ ബിഎഎംഎസ് നാലാം വർഷ വിദ്യാർഥിനി വിസ്മയയും ഒരു വർഷം മുൻപാണു വിവാഹിതരായത്.

pathram desk 1:
Related Post
Leave a Comment