രാമനാട്ടുകര അപകടം: മരിച്ചവരുടെ വാഹനത്തില്‍ ഈത്തപ്പഴവും പാല്‍പ്പൊടിയും; ദുരൂഹതയേറുന്നു

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത ഒഴിയാതെ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു സ്വർണം കൊണ്ടുപോവാൻ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടർന്നവരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ക്വട്ടേഷൻ സംഘങ്ങളുടെ വാഹനത്തിൽ എങ്ങനെ വിദേശ ഈത്തപ്പഴങ്ങളും നിഡോ പാൽപൊടികളും മറ്റും എത്തിയെന്നാണ് ഉയരുന്ന ചോദ്യം. അതിനൊപ്പം ഓപ്പറേഷൻ വിജയിക്കുന്നതിന് മുന്നെ മദ്യപിച്ച് അതിവേഗത്തിൽ കൊടുവള്ളി സംഘത്തെ പിന്തുടരാനുള്ള സാധ്യതയിലും സംശയമുയരുന്നുണ്ട്.

നിലവിൽ എട്ടു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. കവർച്ചാ ശ്രമത്തിനാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിന് പരാതിക്കാര്‍ ആരുമില്ല. ഇതോടെ കേസ് എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മരിച്ച ക്വട്ടേഷൻ സംഘങ്ങൾ ലക്ഷ്യമിട്ട 2.33 കിലോ സ്വർണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇവരുടെ ഓപ്പറേഷൻ പാളിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

മടങ്ങിപ്പോവുന്നതിനുടെ സ്വർണം വാങ്ങാനെത്തിയ കൊടുവള്ളി സംഘവും ചെർപ്പുളശ്ശേരി സംഘവം ഏറ്റുമുട്ടിയെന്നും ഇതിനിടെ അപകടമുണ്ടായെന്നും പോലീസ് പറയുന്നു. സ്വർണം കസ്റ്റംസ് പിടിച്ചെന്ന് രണ്ട് സംഘങ്ങൾക്കും ബോധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ അപകടകരമായ ചെയ്സിങ്ങിലേക്ക് സംഘാംഗങ്ങൾ പോവാനുള്ള സാധ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സ്വർണം കിട്ടാതെ മടങ്ങിയെന്ന് പറയുന്ന കൊടുവള്ളി സംഘത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാൽ വേറേതെങ്കിലും രീതിയിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോയെന്നും കസ്റ്റംസ് പിടിച്ചെടുത്തെന്ന് പറയുന്ന 2.33 കിലോ സ്വർണത്തിനപ്പുറം വേറെ സ്വർണം വിമാനത്താവളത്തിനു പുറത്തേക്ക് കടന്നോയെന്ന സൂചനയുമുണ്ട്. കേസന്വേഷണം കസ്റ്റംസിൽനിന്ന് കഴിഞ്ഞ ദിവസം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവവമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരെ ഐ.പി.സി 399 പ്രകാരമാണ് കേസെടുത്തത്.

ഏകദേശം 1.33 കോടി വിലമതിക്കുന്ന സ്വർണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പുര്‍ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ്(23)-നെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദുബായിൽ നിന്ന് തിങ്കളാഴ്ച 2.30 ന് ആണ് ഇയാൾ കരിപ്പുര്‍ വിമാനത്താവളത്തിൽ എത്തിയിരുന്നത്. ഈ സ്വർണം അന്വേഷിച്ചായിരുന്നു ക്വട്ടേഷൻ സംഘങ്ങൾ എത്തിയത് എന്നാണ് പോലീസ് പറയുന്നത്.

pathram:
Related Post
Leave a Comment