കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി 4 ലക്ഷം വീതം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിന് ഇരയായി 3.85 ലക്ഷത്തിലേറെ മരണം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നും ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും പണം നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞു.

കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം 183 പേജുള്ള സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഭൂകമ്പം അല്ലെങ്കില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്നാണ് ദുരന്തനിവാരണ നിയമത്തില്‍ പറയുന്നതെന്നും മരണ സംഖ്യ വളരെ കൂടുതലായതിനാല്‍ ഇത് കോവിഡിനും ബാധമാക്കുന്നത്‌ ഉചിതമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നയം വ്യക്തമാക്കണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌.

ആരോഗ്യ രംഗത്തെ വര്‍ധിച്ച ചിലവുകളും കുറഞ്ഞ നികുതി വരുമാനവും കാരണം സംസ്ഥാനങ്ങള്‍ ഇതിനോടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ധനസഹായം നല്‍കുന്നത് പകര്‍ച്ചവ്യാധി പ്രതിരോധത്തേയും ആരോഗ്യ രംഗത്തെ ചെലവുകളേയും ബാധിക്കുമെന്നും ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുമെന്നും കേന്ദ്രം പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണം എന്ന് രേഖപ്പെടുത്തുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു

pathram:
Leave a Comment