‘സി.കെ. ജാനു ചോദിച്ചത്‌ 10 കോടി, കെ.സുരേന്ദ്രന്‍ 10 ലക്ഷം നല്‍കി’; സംഭാഷണം ശരിവെച്ച്‌ പ്രസീത

കണ്ണൂർ: എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment