വിവാഹം നടക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ മൃതശരീരത്തെകൊണ്ട് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിച്ചു. പശ്ചിമബംഗാളിലെ ബർധമാൻ എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പ്രണയത്തിലായിരുന്ന ആൺകുട്ടിയും പെൺകുട്ടിയും പ്രായപൂർത്തിയാകാത്തവരായതിനാൽ പെൺകുട്ടിയുടെ മാതാവ് വിവാഹത്തെ എതിർക്കുകയായിരുന്നു.
വിവാഹം നടക്കാതെ വന്നതോടെ കമിതാക്കൾ തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റത്തിലായി. ഇതേ തുടർന്ന് ആൺകുട്ടി ആത്മഹത്യ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിരികെ വീട്ടിൽ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് . ആൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തി. ആൺകുട്ടി ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞിട്ടും ആ വിവരം മറച്ചുവച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയെയും മാതാവിനെയും സംഘം ആക്രമിക്കുകയായിരുന്നു.
ആത്മഹത്യക്ക് മുമ്പായി ആൺകുട്ടി ചിത്രങ്ങൾ അയച്ചു നൽകിയിരുന്നുവെന്നും എന്നാൽ ഈ വിവരം പെൺകുട്ടി ബന്ധുക്കളെ അറിയിക്കാനോ രക്ഷിക്കാനോ ശ്രമിച്ചില്ല എന്നും ആരോപിച്ചായിരുന്നു ആക്രമണം. ജനക്കൂട്ടം പെൺകുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിനു സമീപം എത്തിച്ചു. മൃതദേഹത്തിന്റെ വിരലിൽ സിന്ദൂരം തേച്ചശേഷം വിവാഹച്ചടങ്ങുകളിൽ എന്നോണം പെൺകുട്ടിയുടെ നെറ്റിയിൽ ചാർത്തിക്കുകയായിരുന്നു.
ഇതേ തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നല്‍കി. പ്രായപൂർത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Leave a Comment