8 കിലോ സ്വര്‍ണം, 2.17 കോടി, നോട്ടെണ്ണല്‍ യന്ത്രം: ക്ലര്‍ക്കിന്റെ വീട്ടില്‍ സിബിഐ റെയ്ഡില്‍ കണ്ടത്‌

ഭോപ്പാൽ: മധ്യപ്രദേശില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)യിലെ ക്ലര്‍ക്കിന്റെ വീട്ടില്‍ നിന്ന്‌ രണ്ട്‌ കോടി രൂപയും സ്വർണാഭരണങ്ങളും സി.ബി.ഐ. പിടിച്ചെടുത്തു. റെയ്‌ഡിൽ ഇയാളുടെ വീട്ടിൽ നിന്ന് നോട്ടെണ്ണൽ യന്ത്രവും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ക്ലര്‍ക്കായ കിഷോർ മീണയുടെ വീട്ടിൽ നിന്നാണ് സി.ബി.ഐ. എട്ടുകിലോ സ്വർണവും 2.17 കോടി രൂപയും പിടിച്ചെടുത്തത്. പണം അലമാരയ്ക്കുളളിൽ സൂക്ഷിച്ച നിലയിലായിരുന്നു.

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നാല് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്.

ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സെക്യൂരിറ്റി കമ്പനി എഫ്സിഐ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നതായി സി.ബി.ഐയ്ക്ക് പരാതി നൽകിയിരുന്നു. പണം ആവശ്യപ്പെട്ട് തങ്ങളുടെ ബില്ലുകൾ ഇവർ വെട്ടിച്ചുരുക്കുന്നുതായും പരാതിയിൽ കമ്പനി ആരോപിച്ചിരുന്നു.

2021 ജനുവരി മുതൽ പ്രതിമാസം 11.30 ലക്ഷം രൂപയ്ക്ക് സുരക്ഷാഉദ്യോഗസ്ഥരെ നൽകുന്നതിന് ക്യാപ്റ്റൻ കപൂർ ആൻഡ് സൺസ് എന്ന കമ്പനിക്ക് എഫ്.സി.ഐ. ടെണ്ടർ നൽകിയിരുന്നു. പാസ്സാക്കുന്ന ഓരോ ബില്ലിനും 10 ശതമാനം(പ്രതിമാസം 1.30 ലക്ഷം രൂപ) കമ്മിഷൻ നൽകണമെന്നാണ് എഫ്.സി.ഐ. അക്കൗണ്ട്സ് മാനേജർ കമ്പനിയോട് ആവശ്യപ്പെട്ടത്.

പരാതി ലഭിച്ചതിനെ തുടർന്ന് സി.ബി.ഐ. റെയ്‌ഡ് നടത്തുകയും ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഡിവിഷണൽ മാനേജർ ഹരിഷ് ഹിനോനിയ, മാനേജർമാരായ അരുൺ ശ്രീവാസ്തവ, മോഹൻ പരറ്റെ, കിഷോർ മീണ എന്നിവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ ജൂൺ രണ്ടുവരെ സി.ബി.ഐ.കസ്റ്റഡിയിൽ വിട്ടു.

പണം വിവിധ കവറുകളായാണ് സൂക്ഷിച്ചിരുന്നത്. ചില പണക്കെട്ടുകളിൽ തന്നത് ആരെന്നും എന്നാണെന്നും എത്രയുണ്ടെന്നും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയും സിബിഐ കണ്ടെടുത്തിട്ടുണ്ടെന്ന് വക്താവ് ആർ.സി.ജോഷി പറഞ്ഞു.

pathram:
Related Post
Leave a Comment