കൊച്ചി–ദുബായ്: ബോയിങ് വിമാനത്തിൽ ഏകനായി മലയാളിയുടെ ചരിത്ര യാത്ര

ദുബായ് : വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി എത്തിയപ്പോൾ മലയാളി വ്യവസായി യാസീൻ ഹസ്സൻ പറന്നിറങ്ങിയത് ചരിത്രലേക്കുമാണ്. ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ ഹസ്സൻ മാത്രം ഉണ്ടായിരുന്നത്.

വ്യവസായികൾക്കും മറ്റും ദുബായ് അനുവദിച്ചിട്ടുള്ള ഗോൾഡൻ വീസയാണ് യാത്രാവിലക്കിലും തുണയായത്. കഴിഞ്ഞ അഞ്ചിനാണ് നാട്ടിലേക്ക് പോയത്. എമിറേറ്റ്സിന്റെ ടിക്കറ്റ് ലഭ്യമായിരുന്ന ജൂൺ 16നാണ് ദുബായിലേക്ക് ബുക്കിങ് ലഭിച്ചതും. പാസ്പോർട്ടിന്റെ പകർപ്പ് ട്രാവൽ ഏജൻസി എമിറേറ്റ്സിന് അയച്ചതോടെ ദുബായ് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രയ്ക്ക്പെട്ടെന്ന് അനുമതി നൽകുകയായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം യാത്ര പുറപ്പെട്ടോളൂ എന്ന് എമിറേറ്റ്സ് സന്ദേശമെത്തിയെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയാതായും അറിയിച്ചു. 25ന് പിസിആർ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയാറായിക്കൊള്ളൂ എന്ന് അറിയിപ്പു ലഭിച്ചു.

വിരലിൻ എണ്ണാൻ മാത്രം ആളുകളേ കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരുന്നുള്ളൂ. സിഐഎസ്എഫ് സെക്യൂരിറ്റിയിൽ നിന്ന് ഒരു യാത്രക്കാരനേ ഉള്ളൂവെന്ന് മനസ്സലാക്കി. എന്നാലും 400 പേർക്കോളം യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഇങ്ങനെ ഒറ്റയ്ക്കൊരു യാത്ര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് യാസിൻ പറഞ്ഞു. താനും എട്ടു ജീവനക്കാരും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗോൾഡൻ വീസ ഉള്ളയാൾ മാത്രമായി വിമാനം പുറപ്പെട്ടത് അവർക്കും കൗതുകമായി. ഇങ്ങനെ യാത്രാനുമതി ലഭിക്കുമെന്നത് ഇപ്പോൾ വല്ലപ്പോഴും മാത്രം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പുതിയ അറിവായിരുന്നെന്ന് യാസിൻ പറഞ്ഞു.

എന്നാൽ തനിക്ക് മാത്രമായി വിമാനം ദുബായിലേക്ക് പറന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. രാവിലെ ആറരയ്ക്കു ദുബായ് ടെർമിനൽ മൂന്നിലും യാത്രക്കാർ തീരെ കുറവായിരുന്നു. നടപടികൾ വളരേ വേഗം പൂർത്തിയാക്കി പെട്ടെന്നു തന്നെ പുറത്തിറങ്ങാൻ സാധിച്ചെന്നും ഗോൾഡൻ വീസയുണ്ടെങ്കിലും ഇത്രയേറെ പണം ചെലവഴിച്ച് ഇവിടെ അവരെ എത്തിക്കാൻ തയാറാകുന്ന ദുബായ് അധികൃതർക്ക് നന്ദി പറയുന്നെന്നും യാസീൻ പറഞ്ഞു. ഒറ്റയ്ക്കുള്ള യാത്ര രാജകീയമായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ചുള്ള യാത്രയാണ് നല്ലതെന്ന് തനിക്ക് തോന്നിയതായി യാസിൻ പറഞ്ഞു.

ഈ അനുഭവം ഇതാദ്യമായിരുന്നെങ്കിലും മറ്റു പല വിസ്മയങ്ങളും അറിവുകളും പല യാത്രകളിലും ലഭിച്ചിട്ടുണ്ടെന്ന് യാസിം പറഞ്ഞു. ഒരിക്കൽ മലേഷ്യയിലേക്ക് ഇന്ത്യക്കാർക്ക് പ്രത്യേകം ലഭിക്കുന്ന എൻട്രി നോട്ട് വീസയുമായി പോയി. അവിടെയെത്തി ചൈനയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനു വേണ്ട ഏർപ്പാടുകളും ഹോട്ടൽ ബുക്കിങും വരെ നടത്തിയിരുന്നു. എന്നാൽ മലേഷ്യയിലെത്തി ചൈനയിലേക്ക് പോകാൻ നേരമാണ് ഇങ്ങനെയെത്തുന്ന വീസക്കാർക്ക് തിരികെ ഇന്ത്യയിലേക്ക് മാത്രമേ പോകാനാകൂ എന്നറിഞ്ഞത്. ചൈന യാത്ര റദ്ദാക്കി നഷ്ടവും സഹിച്ച് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെയുള്ള വീസയിൽ പോകുന്നവർക്ക് സിംഗപ്പൂർ, തായ് ലാൻഡ് വഴിയും പോകാനാകും. ഇതെക്കുറിച്ചൊക്കെ പലപ്പോഴും ട്രാവൽ ഏജൻസികൾക്കു പോലും അറിവുണ്ടാകില്ല. അനുഭവിച്ചു തന്നെ പഠിക്കേണ്ടി വരും-യാസിൻ പറഞ്ഞു.

ബുധനാഴ്ച മുംബൈയിൽ നിന്ന് ഗോൾഡൻ വീസയുള്ള ഭവേഷ് ജാവേരി എന്ന വ്യവസായിയും ഗോൾഡൻ വീസക്കാർക്ക് ലഭിക്കുന്ന അനുമതി നേടി ഇതുപോലെ ഒറ്റയ്ക്ക് എമിറേറ്റ് വിമാനത്തിൽ എത്തിയിരുന്നു.

pathram desk 1:
Leave a Comment